പഞ്ചായത്ത് സെക്രട്ടറി പാർട്ടി സെക്രട്ടറിയെപ്പോലെന്ന് എൻജിനീയർ
കൊച്ചി: ഉദയംപേരൂർ പഞ്ചായത്തിൽ പഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും തമ്മിൽ പൊരിഞ്ഞപോര്. സെക്രട്ടറി സി.കെ. സാബുവിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് അസി.എൻജിനീയറും ക്ളാർക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്. അസി.എൻജിനീയർക്കെതിരെ പഞ്ചായത്ത് സെക്രട്ടറിയും മേലധികാരികൾക്ക് പരാതികൾ സമർപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി പാർട്ടി സെക്രട്ടറിയെപ്പോലെയാണ് പഞ്ചായത്ത് ഭരിക്കുന്നതെന്നാണ് പരാതിയിലെ ആക്ഷേപം. സി.പി.എമ്മിന്റെ ഭരണത്തിലാണ് പഞ്ചായത്ത്.
ഇതിനിടെ ഇന്ന് ചേരുന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ അജണ്ടയിൽ അസി. എൻജിനീയർ പി.ടി. മിനിമോളെ സ്ഥലംമാറ്റാനുള്ള വിഷയവും ഉണ്ട്. പഞ്ചായത്ത് പ്രസിഡന്റിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണിത് ഉൾപ്പെടുത്തിയത്.
എൻജിനീയറുടെ പരാതികൾ
രാഷ്ട്രീയസമ്മർദങ്ങൾക്ക് കീഴ്പ്പെട്ട് ചട്ടവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നു
അഴിമതി നടത്താൻ പ്രേരിപ്പിക്കുന്നു
മാനസികമായി പീഡിപ്പിക്കുന്നു
ചില ഭരണകക്ഷി മെമ്പർമാരുടെ ശുപാർശയിൽവരുന്ന അനധികൃത നിർമ്മാണങ്ങൾക്കും മറ്റും അനുമതി നൽകാൻ സമ്മർദം ചെലുത്തുന്നു
ഇതിനൊന്നും വഴങ്ങാത്തതിനാൽ ഫണ്ട് ലാപ്സാക്കി തുടങ്ങിയ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് മെമ്മോനൽകുന്നു.
പഞ്ചായത്ത് സെക്രട്ടറി പാർട്ടി സെക്രട്ടറിയെപ്പോലെ പെരുമാറുന്നു.
ഓഡിയോ ക്ളിപ്പുമായി ക്ളാർക്ക്
ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ളിപ്പ്സഹിതമാണ് ക്ളാർക്ക് കെ.ജി. വിജയൻ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കഴിഞ്ഞമാസം പരാതിനൽകിയത്. ഭരണകക്ഷി മെമ്പറുടെ അടുത്തസുഹൃത്തായ മുൻപഞ്ചായത്ത് സെക്രട്ടറിക്കെതിരെ വനിതാ ജീവനക്കാരെ അവഹേളിച്ചതിന് അച്ചടക്കനടപടിക്ക് ശ്രമിച്ചതിനുള്ള പ്രതികാരമാണ് ഇതിനെല്ലാം പിന്നിലെന്ന് പരാതിയിൽ പറയുന്നു. മെമ്പറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൂതൃക്ക പഞ്ചായത്തിലേക്ക് സ്ഥലംമാറ്റപ്പെട്ട ക്ളാർക്ക് വിജയൻ ഇവിടെ ഇപ്പോഴും തുടരുന്നത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽനിന്ന് സ്റ്റേ ഉത്തരവ് വാങ്ങിയാണ്.
സെക്രട്ടറിയുടെ പരാതികൾ
അസി.എൻജിനിയർ കെട്ടിടനിർമ്മാണ അപേക്ഷകൾ വച്ചുതാമസിപ്പിക്കുന്നു
ഒരുമാസത്തിനകം തീരുമാനമെടുക്കേണ്ട കാര്യങ്ങളിൽ നാലുമാസമായിട്ടും തീരുമാനമില്ല.
പരിശോധിക്കുന്ന ഫയലുകൾ ഒപ്പിടാതെ മടക്കുന്നു
അസി.എൻജിനിയറുടെ മറുപടി
300 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടുകൾക്ക് നിർമ്മാണ അനുമതി നൽകാനുള്ള ചുമതല 2016 മുതൽ പഞ്ചായത്ത് സെക്രട്ടറിക്കാണ്. സ്ഥലപരിശോധന സെക്രട്ടറിക്കോ ഓവർസിയറിനോ നിർവഹിക്കാം.