# ആലുവയിൽ സർവേ പുരോഗമിക്കുന്നു
ആലുവ: കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളുടെയും പരിസര റോഡുകളുടെയും സൗന്ദര്യവത്കരണത്തിന്റെ ഭാഗമായുള്ള സർവേനടപടികൾ അവസാനഘട്ടത്തിലായി. ലോക്ക് ഡൗൺ ആരംഭിച്ച ദിവസം തുടങ്ങിയ സർവേ ലോക്ക് ഡൗൺ അവസാനിക്കുന്നതിന് മുമ്പ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഏജൻസി.
മെട്രോസ്റ്റേഷന്റെ സമീപറോഡുകളിൽ കാൽനടയ്ക്കും സൈക്കിളിംഗിനും പുറമെ കാന നവീകരണവുമാണ് കെ.എം.ആർ.എൽ ഉദ്ദേശിക്കുന്നത്. അതിന്റെ പ്രാരംഭമെന്ന നിലയിലാണ് ലാൻഡക് എൻജിനീയേഴ്സിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്തുമുതൽ തൃപ്പൂണിത്തുറ പേട്ടയിൽനിന്നും സർവേ ആരംഭിച്ചത്. പേട്ടമുതൽ തൈക്കൂടംവരെ, കലൂർ സ്റ്റേഡിയത്തിന് ചുറ്റും, കലൂർ സ്റ്റാന്റ് മുതൽ ലിസി വരെ, കുസാറ്റ് മുതൽ വിജയനഗർവരെ, സൗത്ത് കളമശേരി മുതൽ ടി.വി.എസ് റോഡുവരെ എന്നിവിടങ്ങളിലാണ് സർവേ പൂർത്തിയാക്കിയത്.
ആലുവയിൽ ബൈപ്പാസ് മുതൽ ലക്ഷ്മി നഴ്സിംഗ്ഹോം വരെയും പാലസ് റോഡിൽനിന്നും കടത്തുകടവുവരെയും ബാങ്ക് റോഡിൽനിന്നും പങ്കജം കവല, ഗ്രാൻഡ് കവലവഴി സ്വകാര്യ ബസ് സ്റ്റാൻഡ് വരെയും തൈനോത്ത് റോഡിലുമാണ് നവീകരണം ഉദ്ദേശിക്കുന്നത്. ബൈപ്പാസ് റോഡിലെ സർവേയാണ് ഇന്നലെയാരംഭിച്ചത്. രണ്ട് ദിവസത്തിനകം ഇത് പൂർത്തീകരിക്കും. തുടർന്ന് ചങ്ങമ്പുഴ പാർക്കിന് സമീപംകൂടി സർവേ നടത്തിയശേഷം പ്ളാൻതയ്യാറാക്കി സർവേയുടെ കരാറുകാരായ കൺകോർഡ് കൺസ്ട്രക്ഷൻസിന് കൈമാറും. തുടർന്നായിരിക്കും നവീകരണത്തിനാവശ്യമായ ഫണ്ട് അനുവദിക്കുക.
അതേസമയം ആലുവ ബൈപ്പാസ് മുതൽ ലക്ഷ്മി നഴ്സിംഗ്ഹോം വരെയുള്ള വികസനം അനാവശ്യമായിരിക്കുമെന്ന് ആക്ഷേപമുണ്ട്. ആലുവ - മൂന്നാർ സംസ്ഥാനപാതയുടെ ഭാഗമായുള്ള റോഡാണിത്. ഇത് വീതികൂട്ടി വികസിപ്പിക്കുന്നതിന് സംസ്ഥാനസർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡ്രോൺസർവേ ഉൾപ്പെടെ കഴിഞ്ഞിട്ടുണ്ട്. ഇതിനിടയിൽ സൗന്ദര്യവത്കരണത്തിനായി പണം മുടക്കുന്നത് അനാവശ്യമാകുമോയെന്ന ആശങ്കയുമുണ്ട്.