ആലുവ: സ്വകാര്യലാബുകാർ പോസിറ്റീവ് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യുകയും നെഗറ്റീവ് കേസുകൾ എണ്ണത്തിൽ ഉൾപ്പെടുത്താതിരുന്നതുമാണ് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരാൻ കാരണമെന്ന് ബോദ്ധ്യമായ സാഹചര്യത്തിൽ പഞ്ചായത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവനുവദിക്കണമെന്ന് കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ മൂലം എല്ലായിടത്തും ടി.പി.ആർ കുറഞ്ഞപ്പോൾ കടുങ്ങല്ലൂരിൽ മാത്രം എന്തുകൊണ്ട് നിരക്ക് കൂടുന്നുവെന്ന് അന്വേഷിക്കാതെയുള്ള ഉദ്യോഗസ്ഥരുടെ എടുത്തുചാട്ടം ജനങ്ങളെ ദുരിതത്തിലാക്കുകയായിരുന്നു. രോഗികളെ മാത്രം ടെസ്റ്റ് ചെയ്യുന്നതാണ് കാരണമെന്ന് ചൂണ്ടിക്കാണിച്ചിട്ടും ഉദ്യേഗസ്ഥർ ചെവിക്കൊണ്ടില്ലെന്നും ഷാനവാസ് ആരോപിച്ചു.
പൊലീസ് പരിശോധനയുടെ പേരിൽ ജനങ്ങളെ വേട്ടയാടി. ഗ്രാമീണ റോഡുകളെല്ലാം ഇന്നലെയും അടച്ചുകെട്ടി. ഇതുമൂലം ചെറുകിട കച്ചവടക്കാരും കൂലിപ്പണിക്കാരുമെല്ലാം ദുരിതം അനുഭവിക്കുകയാണ്. ഇരുചക്രവാഹയാത്രക്കാരോടെല്ലാം ചില പൊലീസുകാർ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്ന് വി.കെ. ഷാനവാസും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷെഫീക്ക് ആത്രപ്പിള്ളിയും ആരോപിച്ചു.