കൊച്ചി: എറണാകുളം ജില്ലയുടെ 46 കിലോമീറ്റർ തീരദേശമേഖലയിലെ 23.84 കിലോമീറ്റർ വിനോദസഞ്ചാര പദ്ധതികൾക്ക് അനുയോജ്യമാണെന്ന് കരട് തീരദേശപരിപാലന പ്‌ളാനിൽ നിർദേശം. പരിസ്ഥിതിപ്രാധാന്യമുള്ള വളന്തക്കാട് ദ്വീപിലുൾപ്പെടെ പദ്ധതികൾ നടപ്പാക്കാമെന്നും കരട് പ്‌ളാനിൽ ശപാർശ ചെയ്തിട്ടുണ്ട്. പെരിയാർ, ദേശീയഉൾനാടൻ ജലപാത, മുസിരിസ് മേഖല എന്നിവിടങ്ങളിൽ പദ്ധതികൾ നടപ്പാക്കാമെന്ന് പ്‌ളാനിൽ നിർദേശിക്കുന്നു.
വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കുന്നവയാണ് ജില്ലയിലെ നിരവധി പ്രദേശങ്ങൾ. ബീച്ചുകളിൽ മാത്രമല്ല, ഉൾനാടൻ ജലാശയങ്ങളിലും വിനോദസഞ്ചാര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നിരവധി ചെറുദ്വീപുകൾ വിനോദസഞ്ചാരത്തിന് സാദ്ധ്യതകളുള്ളതാണ്.
ജില്ലയിലെ 46 കിലോമീറ്റർ തീരത്തിലെ 21.98 കിലോമീറ്ററിൽ മാത്രമാണ് വിനോദസഞ്ചാര പദ്ധതികൾ നിലവിലുള്ളത്. 1.86 കിലോമീറ്റർ കൂടി വിനിയോഗിക്കാൻ കഴിയും. ഇതോടെ മൊത്തം തീരത്തിന്റെ 51.86 ശതമാനം മാത്രമാണ് വിനോദസഞ്ചാരത്തിന് ഉപയോഗിക്കുക.
നിലവിലെ 13 ഉൾനാടൻ ജലാശയങ്ങളിലെ പദ്ധതികൾ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. പെരിയാർ പുഴയോരം, ദേശീയ ഉൾനാടൻ ജലപാത, മുസിരിസ് പൈതൃക പദ്ധതി എന്നിവയാണിവ. ഇവിടങ്ങളിൽ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പ്രദേശങ്ങളുണ്ട്.
അതിവേഗം വളരുടെ നഗരമായ കൊച്ചിയിൽ നടപ്പാക്കിയ മെട്രോ റെയിൽ വികസനോന്മുഖമായ പദ്ധതിയാണ്. അനുബന്ധമായി ആസൂത്രിതമായി സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ജലമെട്രോ. ചെറിയ 20 കേന്ദ്രങ്ങളെ ഇതുവഴി ബന്ധിപ്പിക്കാൻ കഴിയും. അധികമായി വികസിപ്പിക്കുന്ന അഞ്ചു കേന്ദ്രങ്ങളും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്.
മരട് മുനിസിപ്പാലിറ്റിയിലെ കണ്ടൽക്കാടുകളും കായലും ജലാശയങ്ങളുമുള്ള വളന്തക്കാട് ദ്വീപിൽ ഉത്തരവാദ ടൂറിസം പദ്ധതികൾ നടപ്പാക്കാമെന്ന് പ്‌ളാനിൽ നിർദേശിക്കുന്നു. റിസോർട്ട്, ഹോം സ്‌റ്റേ, ഫാമുകൾ, ബോട്ട് ജെട്ടി, ഇൻഫർമേഷൻ സെന്റർ എന്നിവ നിർമിക്കാമെന്നാണ് ശുപാർശ.
ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ വേമ്പനാട് കായൽത്തീരദേശത്ത് നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ജലസംഭരണികൾ, കുടിവെള്ളസൗകര്യം, ജലകായികസൗകര്യങ്ങൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കി സഞ്ചാരികളെ ആകർഷിക്കാം.
നിലവിലെ പദ്ധതികൾ, സൗകര്യങ്ങൾ
ഫോർട്ടുകൊച്ചി : ബീച്ച് ടൂറിസം, വിനോദം
വൈപ്പിൻ - മുനമ്പം : ബീച്ച്, അക്വാ ടൂറിസം, വിനോദം, പരിസ്ഥിതി ടൂറിസം
ദ്വീപുകളിലെ പദ്ധതികൾ
ചെല്ലാനം : ബീച്ച് ടൂറിസം, വിനോദസൗകര്യം
കണ്ണമാലി : ബീച്ച് ടൂറിസം
ഉൾനാടൻ ജലാശയങ്ങൾ, സൗകര്യം
പെരിയാർ, ദേശീയജലപാത, മുസിരിസ് : പൈതൃക ടൂറിസം, ക്രൂസ് ടൂറിസം, വിനോദം, ഉത്തരവാദ ടൂറിസം.
വളർന്നുവരുന്ന കേന്ദ്രങ്ങൾ
കടമക്കുടി, താന്തോന്നിത്തുരുത്ത്, വളന്തക്കാട് ദ്വീപ്, പൂത്തോട്ട, ഉദയംപേരൂർ, മരട് നഗരസഭ, ചേരാനല്ലൂർ, ഇടക്കൊച്ചി, എരൂർ ഫെറി, ചിറ്റൂർ ഫെറി, കുറുങ്കോട്ട, മുളവുകാട്, പൊന്നാരിമംഗലം, എറണാകുളം ജെട്ടി, ഹൈക്കോടതി ഫെറി, തേവര ഫെറി, കാക്കനാട്, കുമ്പളം, നെട്ടൂർ, വൈറ്റില, വൈപ്പിൻ, ഫോർട്ടുകൊച്ചി ഫെറി, മട്ടാഞ്ചേരി ഫെറി, ബോൾഗാട്ടി, തൈക്കൂടം.
തദ്ദേശവാസികൾക്ക് ദോഷം
വളന്തക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ നിർദിഷ്ട ടൂറിസം പദ്ധതികൾ പ്രദേശത്തെ വാണിജ്യവത്കരിക്കും. ഇതുവഴി തദ്ദേശവാസികൾ പുറത്താക്കപ്പെടുമോയെന്ന ആശങ്കയും ശക്തമാണ്.
അഡ്വ. ഷെറി ജെ. തോമസ്
മരട് സ്വദേശി