കൊച്ചി: തകർന്നടിഞ്ഞ പൈനാപ്പിൾ കൃഷിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കർഷക തൊഴിലാളി യൂണിയൻ (എച്ച്.എം.എസ് ) കൃഷിമന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ വിലയിടിവിൽ ആയിരക്കണക്കിന് പൈനാപ്പിൾ കർഷകർ ആത്മഹത്യയുടെ വക്കിലാണെന്ന് നിവേദനത്തിൽ പറയുന്നു. വിളവെടുപ്പിന്റെ കാലമായിട്ടും കിലേയ്ക്ക് അഞ്ചു രൂപ പോലും കർഷകർക്ക് ലഭിക്കുന്നില്ല. ലോക്ക് ഡൗൺ നീളുന്നതുമൂലം വിളവെടുപ്പിനും മറ്റു ജോലികൾക്കും തൊഴിലാളികളെ കിട്ടാനുമില്ല. പാകമായ പൈനാപ്പിൾ പറിച്ചെടുക്കാൻ കഴിയാതെ നശിക്കുകയാണ്.

സ്ഥലം പാട്ടത്തിനെടുത്താണ് ഭൂരിപക്ഷം പേരും കൃഷി ചെയ്യുന്നത്. ബാങ്കിൽ നിന്നും പലിശക്കാരിൽ നിന്നും വായ്പയെടുത്താണ് കൃഷി നടത്തുന്നത്. കഴിഞ്ഞ സീസണിൽ 40 രൂപ വില ലഭിച്ചിടത്ത് ഇപ്പോൾ 10 രൂപ പോലും ലഭിക്കുന്നില്ല. വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ.

താങ്ങുവില നിശ്ചയിച്ച് കർഷകരിൽ നിന്ന് പൈനാപ്പിൾ ശേഖരിക്കാനുള്ള പദ്ധതി ഫലപ്രദമാക്കണം. സഹായ പാക്കേജും അനുവദിക്കണമെന്ന് കർഷക തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു.

യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി, ജനറൽ സെക്രട്ടറി മുല്ലക്കര സക്കറിയ, ജില്ലാ ഭാരവാഹികളായ തോമസ് മൂക്കന്നൂർ, കെ.കെ. മോഹനൻ, ജബാർ വാത്തോലി, വാവച്ചൻ തോപ്പിൽകുടി എന്നിവർ പ്രസംഗിച്ചു.

പൈനാപ്പിൾ വിളവെടുക്കാതെ നശിക്കുന്നതും കർഷകരുടെ ദുരിതവും കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.