കൊച്ചി: എം.ബി.ബി.എസ് വിജയകരമായി പൂർത്തിയാക്കിവരുടെ ഇന്റേൺഷിപ്പ് കാലാവധി കൊവിഡ് വ്യാപനത്തെത്തുടർന്ന് നീട്ടിയത് അവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ഡോക്ടർമാരായി രജിസ്റ്റർ ചെയ്യുന്നതിനും തടസമാകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സർക്കാർ മെഡിക്കൽ കോളേജുകളിൽ പഠനം പൂർത്തിയാക്കിയ ആർ.എസ്. ജിനൻ ഉൾപ്പെടെ 29 പേർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനുശിവരാമന്റെ ഇടക്കാല ഉത്തരവ്. ഹർജി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
സർക്കാർ മെഡിക്കൽ കോളേജുകളിൽ 2015ൽ എം.ബി.ബി.എസിനു പ്രവേശനം ലഭിച്ച ഹർജിക്കാർ പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഇന്റേൺഷിപ്പ് ഉൾപ്പെടെ പൂർത്തിയാക്കിയിരുന്നു. കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിലാണ് ഇവരുടെ സേവനം ലഭ്യമാക്കി കേരള പകർച്ചവ്യാധി ഒാർഡിനൻസ് 2020 പ്രകാരം ഉത്തരവിറക്കിയതെന്നും പ്രതിമാസം 42,000 രൂപ നൽകുന്നുണ്ടെന്നും സർക്കാർ പറഞ്ഞു.