കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ചട്ടങ്ങൾ ലംഘിച്ച് റിസർച്ച് ഡയറക്ടറുടെയും ഫിഷറീസ് ഡീനിന്റെയും തസ്തികകളിൽ നിയമനം നടത്താൻ തീരുമാനം എടുത്തുവെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്ന് കുഫോസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. തിരഞ്ഞെടുപ്പ് ചട്ടം വരുന്നതിന് തൊട്ടുമുൻപ് തിരക്കിട്ട് സംസ്ഥാന സർക്കാർ ഓർഡിനൻസിലൂടെ ഈ രണ്ടു തസ്തികകൾ സൃഷ്ടിച്ചു എന്ന ആരോപണം പ്രഥമദൃഷ്ട്യാ കഴമ്പില്ലാത്തതാണ്. 2011 ൽ കേരള കാർഷിക സർവകലാശാലയെ വിഭജിച്ച് കുഫോസ് രൂപീകരിച്ചപ്പോൾ ഫിഷറീസ് ഡീനിന്റേത് അവിടെ നിന്ന് ട്രാൻഫർ ചെയ്ത് കിട്ടിയ സ്ഥിരം തസ്തികയാണ്. കുഫോസ് സ്റ്റാറ്റ്യൂട്ടിന്റെ 2011ലെ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളതും ധനകാര്യവകുപ്പ് അംഗീകാരം നൽകിയിട്ടുള്ളതുമായ തസ്തികയാണ് റിസർച്ച് ഡയറക്ടർ. ഇതിന് മുൻപും ഈ രണ്ട് തസ്തികളിലേക്കും കുഫോസിൽ നിയമനങ്ങൾ നടന്നിട്ടുണ്ട്. ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുഫോസ് അറിയിച്ചു.