road
തകർന്ന് തരിപ്പണമായ നെല്ലാട് റോഡിലെ കോലാംകുടി ഭാഗം

കോലഞ്ചേരി: ഒടുവിൽ നെല്ലാട് പട്ടിമറ്റം റോഡിന് ശാപമോക്ഷമാകുന്നു. രണ്ടര വർഷമായി തകർന്നു തരിപ്പണമായ റോഡിൽ കാൽനട യാത്ര പോലും ദുഷ്ക്കരമായിരുന്നു. റോഡ് പ്രാരംഭമായി താത്കാലിക അറ്റകുറ്റപണികൾ പൂർത്തിയാക്കി സഞ്ചാര യോഗ്യമാക്കും. കുന്നത്തുനാട് എം.എൽ.എ അഡ്വ.പി.വി. ശ്രീനിജിൻ ഇതു സംബന്ധിച്ച് ഇന്നലെ പട്ടിമറ്റം ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമായത്. ഇതിനായി ജി.എസ്.പി മിശ്രിതം ഉപയോഗിച്ച് ആദ്യഘട്ടമെന്ന നിലയിൽ വലിയ കുഴികളുള്ള കോലാംകുടി, നരീക്കപ്പടി, നെല്ലാട് പോസ്റ്റ് ഓഫീസ് ഭാഗങ്ങളിൽ കുഴികളടച്ച് വെള്ളക്കെട്ടൊഴിവാക്കി സഞ്ചാരയോഗ്യമാക്കും. രണ്ടര വർഷം മുമ്പ് 32.64 കോടിക്ക് ടെൻഡറായ നിർമാണ ജോലിയിൽ പട്ടിമറ്റം മുതൽ പത്താം മൈൽ വരെയും പള്ളിക്കര മുതൽ മനയ്ക്കക്കടവ് വരെയുമാണ് മാത്രമാണ് നിർമാണം പൂർത്തിയാട്ടുള്ളത്. ഇതു സംബന്ധിച്ച് 'കേരള കൗമുദി' വാർത്ത നൽകിയിരുന്നു. കിഴക്കമ്പലം മുതൽ നെല്ലാട് വരെയുള്ള 18 കിലോമീ​റ്ററോളം ഭാഗം പണിയാണ് ആരംഭിക്കാനുള്ളത്. ചെറു വാഹനങ്ങൾ പൂർണമായും ഈ വഴി ഉപേക്ഷിച്ചു. റോഡിനിരുവശവും താമസിക്കുന്നവരാണ് ഇപ്പോൾ ദുരിതമനുഭവിക്കുന്നത്. വെയിലായാൽ പൊടിയും മഴ വന്നാൽ ചെളിയും മൂലം സഞ്ചാരയോഗ്യമല്ലാതായി. ഈ വഴിയുള്ള വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. ഈ സാഹചര്യത്തിലാണ് അറ്റകുറ്റ പണികൾ പൂർത്തിയാക്കുന്നത്. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവാണ് പണി അനന്തമായി നീളുന്നതിന് ഇടയാക്കിയത്. വകുപ്പുകൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിച്ച് പുനർനിർമ്മാണം വൈകാതെ പൂർത്തീകരിക്കുമെന്ന് പി.വി.ശ്രീനിജിൻ അറിയിച്ചു. യോഗത്തിൽ വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ,മഴുവന്നൂർ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, മുൻ എം.എൽ.എ എം.പി. വർഗീസ്, സി.പി. ഗോപാലകൃഷ്ണനും പൊതുമരാമത്ത്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി യിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

അടിയന്തരയോഗം വിളിച്ചു

റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി കിഫ്ബി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിളിച്ചു ചേർത്തിട്ടുണ്ട്. നിലവിലുള്ള കരാറുകാരൻ പണി പൂർത്തീകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് മന്ത്രിതല യോഗം നടക്കുന്നത്. റോഡ് പണി നടക്കാത്തത് സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നടന്നു വരികയാണ്.