ചോറ്റാനിക്കര: രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കതിരണിഞ്ഞ അടിയാക്കൽ പാടശേഖരം മഴ ചതിച്ചതോടെ കണ്ണീർപ്പാടമായി. കൊയ്യുവാൻ പാകമായ ഏക്കർ കണക്കിന് വരുന്ന പാടശേഖരത്തിലെ നെൽക്കതിരുകളാണ് വെള്ളത്തിൽ മുങ്ങിയത്. ആറു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറഞ്ഞു. തരിശായിക്കിടന്നതിനെത്തുടർന്ന് ചോറ്റാനിക്കരയുടെ മാലിന്യനിക്ഷേപകേന്ദ്രമായി മാറിയ അറുപതേക്കർ വരുന്ന അടിയാക്കൽ പാടശേഖരത്തിൽ ഒരു സംഘം നെൽക്കർഷകർ ചേർന്നുണ്ടാക്കിയ കർഷകകൂട്ടായ്മയാണ് ഏറെ വെല്ലുവിളികൾ നേരിട്ട് നെൽക്കൃഷിയിറക്കിയത്. കൊയ്ത്തിന് ഏതാനും ദിവസം ശേഷിക്കവെയാണ് കനത്ത മഴയിൽ പാടശേഖരം പൂർണമായി വെള്ളത്തിൽ മുങ്ങിയത്. മഴ തുടരുന്നതിനാൽ നെൽക്കതിരുകൾ പൂർണമായും നശിച്ചുകാണുമെന്ന് കർഷകർ പറഞ്ഞു.
# വില്ലനായത് ചിത്രപ്പുഴയിലെ ബണ്ടും പാടശേഖരത്തിലെ ഗ്യാസ് പൈപ്പുലൈനുകളും.
ചോറ്റാനിക്കര അടിയാക്കൽ പാടശേഖരത്തിൽ വെള്ളപ്പൊക്കത്തിനിടയാക്കിയത് വെള്ളം ഒഴുകിപ്പോകേണ്ട ചിത്രപ്പുഴയിലെ താത്കാലിക ബണ്ട് യഥാസമയം പൊളിച്ചു നീക്കാത്തതിനാലാണെന്ന് കർഷകനായ മത്തായി പറഞ്ഞു. കരയിൽ ഉപ്പുകയറുന്നത് തടയുവാൻ ചിത്രപ്പുഴയിൽ ഇരുമ്പനം ബി.എസ്.എഫ് ക്വാർട്ടേഴ്സിനു സമീപം തൃപ്പൂണിത്തുറ നഗരസഭ ബണ്ട് നിർമ്മിച്ചിട്ടുണ്ട്. മഴയാരംഭി
അമ്പലമുകളിലേയ്ക്ക് ഗ്യാസ് കൊണ്ടുപോകുന്നതിന് പാടശേഖരത്തിലൂടെ സ്ഥാപിച്ച പൈപ്പുകൾ ചെറുതോടുകളിൾ ഏഴുസ്ഥലങ്ങളിൽ കുറുകെക്കിടക്കുകയാണ്. ഇതിൽ പുല്ലും പായലും വന്നടിയുന്നതോടെ ഒഴുക്കു നിലയ്ക്കുകയും പാടശേഖരം വെള്ളത്തിനടിയിലാകുകയും ചെയ്യുന്നതായും കർഷകർ ചൂണ്ടിക്കാട്ടി.
# അടിയാക്കൽ തോട് അടിയന്തിരമായി ശുചീകരിക്കുവാൻ നടപടി വേണം. ബണ്ട് യഥാസമയം പൊളിച്ചുമാറ്റുവാനും തോടിലെ ഒഴുക്കിന് തടസമായ ഗ്യാസ് പൈപ്പുലൈൻ ഉയർത്തി സ്ഥാപിക്കുവാനും നടപടിവേണം.
ഏലിയാസ് മത്തായി
നെൽകർഷകൻ