തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ ബന്ധുനിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൃക്കാക്കര നഗരസഭ മുപ്പത്തിരണ്ടാം വാർഡിലെ അങ്കൻവാടി ടീച്ചറായി ലീഗ് കൗൺസിലറുടെ ബന്ധുവിനെ നിയമിച്ചതാണ്
പ്രതിക്ഷേധത്തിന് കാരണം. സമരം എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി നേതാവ് ചന്ദ്രബാബു ഉത്‌ഘാടനം ചെയ്തു. എം.ജെ ഡിക്സൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.സി മനൂപ്, ഉഷ പ്രവീൺ, റസിയ നിഷാദ്, അജ്ജുന ഹാഷിം, സുബൈദ റസാക്ക് തുടങ്ങിയവർ പങ്കെടുത്തു.
തൃക്കാക്കരയിലെ 32-ാം നമ്പർ അങ്കൻവാടി ടീച്ചറായിരുന്ന സുമതി വിരമിച്ച ഒഴിവിലേക്ക് ലീഗ് കൗൺസിലറുടെ ബന്ധുവിനെ നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനീറ ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ ചട്ടങ്ങൾ ലംഘിച്ച് നിയമിച്ചെന്നാണ് ആക്ഷേപം.
മുപ്പതിന് വിരമിച്ച സുമതിക്ക് പകരം 37-ാം നമ്പർ അങ്കൻവാടി ടീച്ചർ ബിന്ദുവിന് താത്കാലിക ചുമതല നൽകിയിരുന്നു. എന്നാൽ ചൊവ്വാഴ്ച നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പന്റെ നേതൃത്വത്തിൽ ബലമായി 32-ാം നമ്പർ അങ്കണവാടിയുടെ താക്കോൽ വാങ്ങിയെടുക്കുകയും മുസ്ലിം ലീഗ് കൗൺസിലരുടെ ബന്ധുവിനെ ടീച്ചറായി നിയമിക്കുകയും ചെയ്തെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി മെമ്പർ ഒ.എം സലാഹുദ്ദീൻ, മുൻ കൗൺസിലറും മോണിറ്ററിംഗ് കമ്മിറ്റി അങ്കവുമായ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി വന്നതോടെയാണ് കളളക്കളി വെളിച്ചത്തായത്.