malinyam
എടയപ്പുറം ടൗൺഷിപ്പ് റോഡിൽ തള്ളിയ മാലിന്യം ആലുവ നഗരസഭ തിരിച്ച് ലോറിയിൽ കയറ്റുന്നു

ആലുവ: നഗരത്തിലെ കാനകൾ നവീകരിച്ചതിനെത്തുടർന്ന് അവശേഷിച്ച് രണ്ട് ലോഡ് മാലിന്യം ആലുവ നഗരസഭയ്ക്ക് കൂനിന്മേൽ കുരുവായി. കീഴ്മാട് ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും പ്രതിഷേധത്തെത്തുടർന്ന് തിരിച്ചെടുപ്പിച്ച മാലിന്യം നഗരസഭ സ്വന്തം ടൗൺഹാൾ മുറ്റത്ത് തള്ളിയപ്പോഴും പ്രതിഷേധം.

കൊവിഡ് എഫ്.എൽ.ടി.സിയായി പ്രവർത്തിക്കുന്ന ടൗൺഹാൾവളപ്പിൽ മാലിന്യം നിക്ഷേപിച്ചതിനെതിരെ പ്രതിപക്ഷ കൗൺസിലർമാരും ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയതാണ് വീണ്ടും കുരിശായത്. ടൗൺഹാളിന് മുമ്പിൽ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെയും പിന്നീട് നഗരസഭ ഓഫീസിലെത്തി ചെയർമാനെയും പ്രതിഷേധക്കാർ ഉപരോധിച്ചു. ഇന്ന് മാലിന്യം നീക്കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരക്കാർ മടങ്ങിയത്.

ബുധനാഴ്ചയാണ് കീഴ്മാട് ഗ്രാമപഞ്ചായത്ത് അതിർത്തിയോട് ചേർന്നുള്ള എടയപ്പുറം ടൗൺഷിപ്പ് റോഡരികിലെ പാടശേഖരത്തിൽ നഗരസഭ ലോറിയിൽ മാലിന്യവുമായെത്തിയത്. ചതുപ്പിൽ താഴ്ന്ന് ലോറി മറിഞ്ഞതോടെ നാട്ടുകാരെത്തി. കുപ്പിച്ചില്ലുകളും പ്ലാസ്റ്റിക്കും ഉൾപ്പെടുന്ന കാനമാലിന്യം പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശക്തമായ സമ്മർദ്ദത്തിനൊടുവിൽ ഇന്നലെ രാവിലെയാണ് നഗരസഭ തിരിച്ചെടുത്തത്.

ഇത് മാലിന്യമല്ലെന്നും ജൈവവളമാണെന്നും നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. സൈമൺ അവകാശപ്പെട്ടിരുന്നു. പൊതുകാനകൾ കോരിയപ്പോൾ അടിഞ്ഞുകൂടിയ മണ്ണാണെന്നും ജൈവവളമായി ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ബൈജു, കൗൺസിലർമാരായ ശ്രീലത വിനോദ് കുമാർ, വി.എസ്. സുനിൽ, ടിന്റു രാജേഷ്, ദിവ്യ സുനിൽ, ഡി.വൈ.എഫ്.ഐ നേതാക്കളായ എൻ.വി. നികോഷ്, രാജേഷ് തോട്ടക്കാട്ടുകര, നന്ദു എന്നിവർ നേതൃത്വം നൽകി.