പറവൂർ: കൊവിഡ് രോഗികളെ പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സിക്കാൻ സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തം. ആശുപത്രിയിൽ 45 കിടക്കകളും കെട്ടിടസൗകര്യവും ഉണ്ടെങ്കിലും ആരെയും കിടത്തി ചികിത്സിക്കുന്നില്ല. കാർഷികഗ്രാമമായ പുത്തൻവേലിക്കരയിലെ ഏക സർക്കാർ ആശുപത്രിയാണിത്. പേരിൽ താലൂക്ക് ആശുപത്രിയാണെങ്കിലും വർഷങ്ങളായി സാധാരണ ഹെൽത്ത് സെന്റർ പോലെയാണ് പ്രവർത്തിക്കുന്നത്. രാത്രി സമയങ്ങളിൽ ചികിത്സയില്ല. ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരുമില്ല.
കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും 24 മണിക്കൂറും ചികിത്സ ലഭ്യമാക്കണമെന്നുമുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ല. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആശുപത്രി മികച്ചതാക്കുന്നതിൽ ബ്ലോക്ക് അധികൃതരും ആശുപത്രി അധികൃതരും അലംഭാവം കാണിക്കുകയാണെന്നാണ് ആക്ഷേപം. നിലവിൽ നാനൂറോളം ആളുകളാണ് പഞ്ചായത്ത് അതിർത്തിയിൽ കൊവിഡ് പോസിറ്റീവായി തുടരുന്നത്. രോഗബാധയെത്തുടർന്ന് മരണമടഞ്ഞവരുമുണ്ട്. എന്നിട്ടും അധികൃതർ അനാസ്ഥ കാട്ടുന്നത് പ്രതിഷേധാർഹമാണെന്ന് പൊതുപ്രവർത്തകൻ നിഷാദ് ശോഭനൻ പറഞ്ഞു.
കൊവിഡ് ആശുപത്രിയാക്കുന്നതിനുള്ള പൊതുമരാമത്ത് പണികൾ പൂർത്തീകരിച്ചെന്നും കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുമ്പോൾ ജനറൽ ഒ.പികൂടി നടത്തുന്നതിനായി ക്രമീകരണങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നുമാണ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറയുന്നത്. എൻ.എച്ച്.എം പ്രതിനിധികൾ ഓക്സിജൻ ലൈൻ വലിക്കാൻ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ഓക്സിജൻ ഉറപ്പാക്കി കൊവിഡ് രോഗികൾക്കുള്ള കിടത്തി ചികിത്സ ഒരാഴ്ചയ്ക്കുള്ളിൽ തുടങ്ങാനുള്ള ശ്രമത്തിലാണെന്ന് പ്രസിഡന്റ് ടി.വി. പ്രദീഷ് പറഞ്ഞു.