പറവൂർ: കൊവിഡ് രൂക്ഷമായതോടെ പറവൂർ താലൂക്കിൽ സർക്കാരിന്റെ സൗജന്യക്കിറ്റ് വിതരണം മുടങ്ങി. മേയ് മാസത്തിൽ നൽകാനുള്ള വളരെക്കുറച്ചു കിറ്റ് മാത്രമേ റേഷൻകടകളിൽ എത്തിയുള്ളൂ. ഇവ അന്ത്യോദയ കാർഡ് ഉടമകൾക്ക് മാത്രമായിരുന്നു. മാസത്തിന്റെ അവസാന ആഴ്ചയായതോടെ കിറ്റ് അന്വേഷിച്ചു റേഷൻ കടകളിൽ എത്തുന്ന ഒട്ടേറെപ്പേരാണ്. ആഴ്ചയിൽ രണ്ടു തവണയെങ്കിലും റേഷൻകടയിൽ കിറ്ര് അന്വേഷിച്ചെത്തുന്നവരുണ്ട്. ഇവർ പുറത്തിറങ്ങുന്നത് കൊവിഡ് വ്യാപനസാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. ലോക്ക് ഡൗൺ പിൻവലിച്ചാൽ കിറ്റ് അന്വേഷിച്ച് കൂടുതൽ ആളുകൾ റേഷൻകടകളിൽ എത്താനിടയുണ്ട്.
താലൂക്കിൽ 149 റേഷൻ കടകളുണ്ട്. പറവൂർ നഗരത്തിലും സമീപത്തെ ചില പ്രദേശങ്ങളിലുമാണ് വലിയ പ്രതിസന്ധി. 800നടുത്ത് കുടുംബങ്ങളാണ് ഒട്ടുമിക്ക റേഷൻകടകളുടെ കീഴിലുള്ളത്. ഇതിൽ അമ്പതിൽ താഴെ മാത്രമായിരിക്കും അന്ത്യോദയകാർഡുള്ളത്. മറ്റുള്ള വിഭാഗത്തിലുള്ള കുടുംബങ്ങൾക്കാണ് കിറ്റ് ലഭിക്കാത്തത്. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ അവശ്യവസ്തുക്കൾ വിവിധ കേന്ദ്രങ്ങളിൽ കൊണ്ടുവന്നശേഷം പ്രത്യേകം കിറ്റുകളിലാക്കിയാണ് റേഷൻകടകളിൽ എത്തിക്കുന്നത്. ലോക്ക്ഡൗൺ കഴിഞ്ഞാൽ മേയ് മാസത്തിലെ കിറ്റ് ലഭിക്കാത്തവർക്ക് ജൂൺ മാസത്തിലെ കിറ്റും ജൂണിൽത്തന്നെ നൽക്കാനുള്ള ശ്രമവും അധികൃതർ നടത്തുന്നുണ്ട്.