കൊച്ചി: കേരളത്തിലെ 590 കിലോമീറ്റർ നീളംവരുന്ന തീരദേശം സംരക്ഷിക്കുന്നതിന് സംസ്ഥാനത്ത് കോസ്റ്റൽ എൻജിനിയറിംഗ് വിംഗ് ആരംഭിക്കണമെന്ന് കെയർ ചെല്ലാനം ആവശ്യപ്പെട്ടു. കെ.ആർ.എൽ.സി.സിയുടെ ആഭിമുഖ്യത്തിലുള്ള കെയർ ചെല്ലാനം ഓഫീസ് സന്ദർശിച്ച വ്യവസായമന്ത്രി പി. രാജീവ്, ഫിഷറീസ് മന്ത്രി സജി ചെറിയാൻ എന്നിവരുമായി നടന്ന ചർച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ചെല്ലാനത്തെ മാതൃകാ മത്സ്യഗ്രാമമായി പ്രഖ്യാപിക്കുമെന്ന നിർദേശത്തെ കെയർ ചെല്ലാനം സ്വാഗതംചെയ്തു. 18 കിലോമീറ്റർ ദൈർഘ്യമുള്ള ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള പ്രദേശത്തെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തണം.
ഹൈബി ഈഡൻ എംപി, കെ.ജെ. മാക്‌സി എം.എൽ.എ, എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ്, കുഫോസ് വൈസ് ചാൻസലർ കെ.റിജിജോൺ, പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. പ്രസാദ്, ഷാജി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു. ചർച്ചയിൽ കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, കടൽ ഡയറക്ടർ ഫാ. അന്റോണിറ്റോ പോൾ, ഫാ. നെൽസൻ തൈപ്പറമ്പിൽ, ഫാ. ജോൺ കളത്തിൽ, ഫാ. സെബാസ്റ്റ്യൻ കരുമാഞ്ചേരി, പി ആർ കുഞ്ഞച്ചൻ, ജിൻസൻ വെളുത്തമണ്ണുങ്കൽ എന്നിവർ പങ്കെടുത്തു.
ആവശ്യങ്ങൾ
പ്രകൃതിദുരന്തത്തിൽ ഭവനങ്ങൾ നഷ്ടപ്പെടുകയും താമസയോഗ്യമല്ലാതാവുകയും ചെയ്ത കുടുംബങ്ങൾക്ക് പുനരധിവാസം ഉറപ്പുവരുത്തുക
സർക്കാർ സുരക്ഷിത താമസസൗകര്യം ഉറപ്പുവരുത്തുക
ക്യാമ്പുകളിൽ നിന്ന് തിരികെപ്പോകുന്നതിന് താത്കാലിക താമസസൗകര്യങ്ങളോ വീടുവാടകയോ ഉറപ്പുനൽകുക
വീടുകളും വസ്തുവകകളും നഷ്ടപ്പെട്ടവർക്ക് ന്യായമായ നഷ്ടപരിഹാരം അനുവദിക്കുക
മണ്ണും ചെളിയും അടിഞ്ഞ് ഉപയോഗശൂന്യമായ ശൗചാലയങ്ങൾ ശുചീകരിച്ച് നൽകുക
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ക്രിയാത്മകമാക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും സർക്കാർ പ്രതിനിധികൾ, ജനപ്രതിനിധികൾ, രാഷ്ടീയ സാമൂഹിക സംഘടനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവരെ ഉൾപ്പെടുത്തി കർമ്മസമിതിക്ക് രൂപംനൽകുക