ആലുവ: ജനത്തെ ആശങ്കയിലാക്കിയ കടുങ്ങല്ലൂരിലെ കൊവിഡ് വ്യാപനത്തിലെ 'മുഖ്യപ്രതി' മുപ്പത്തടത്ത് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ലാബാണെന്ന് കണ്ടെത്തി. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ബിനാനിപുരം പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രശാന്തി നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.
റിപ്പോർട്ട് ഡി.എം.ഒക്ക് കൈമാറിയതായി ഡോ. പ്രശാന്തി 'കേരളകൗമുദി'യോട് പറഞ്ഞു.
കഴിഞ്ഞ മേയ് ഒന്നുമുതൽ ഇവിടെ പരിശോധന നടത്തിയ 2700 ഓളം പേരിൽ പോസിറ്റീവായ 737 പേരുടെ കണക്കുകൾ മാത്രമാണ് ലാബ് നടത്തിപ്പുകാർ സർക്കാർ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്തത്. നെഗറ്റീവ് ഫലം ലഭിച്ച രണ്ടായിരത്തോളം പേരുടെ കണക്കുകൾ ചേർത്തില്ല. ഇതേത്തുടർന്ന് ഇവിടെ പരിശോധിച്ചവരെല്ലാം കണക്കിൽ പോസിറ്റീവായി. ഇതോടൊപ്പം പഞ്ചായത്ത് പി.എച്ച്.സിയിലും മറ്റ് സ്വകാര്യ ലാബുകളിലും പരിശോധിച്ച കണക്കുകളും ചേർന്നപ്പോൾ പഞ്ചായത്തിലെ ആകെ പോസിറ്റീവിറ്റി നിരക്ക് 55 ശതമാനം വരെയായി.
ജീവനക്കാരുടെ കുറവുകൊണ്ടാണ് നെഗറ്റീവ് കണക്കുകൾ അപ്‌ഡേറ്റ് ചെയ്യാതിരുന്നതിന് കാരണമെന്നാണ് ലാബുകാരുടെ വിശദീകരണം.
ടി.പി.ആർ ഉയർന്നതിനാൽ പഞ്ചായത്തിൽ പൊലീസ് കർശനനിയന്ത്രണം ഏർപ്പെടുത്തി. ഇടറോഡുകളും അടച്ചുകെട്ടി. ജില്ലയിൽ ഡ്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചിട്ടും കടുങ്ങല്ലൂരിൽ ഇളവനുവദിച്ചില്ല. തിങ്കളാഴ്ച മുതൽ വിവിധ സ്ഥലങ്ങളിലായി മെഗാ പരിശോധനാ ക്യാമ്പുകളും എടയാർ വ്യവസായ മേഖലയിൽ മൊബൈൽ ക്യാമ്പുകളും തുടങ്ങി. ഈ ഘട്ടത്തിൽ പോസിറ്റീവിറ്റി നിരക്ക് 35 ശതമാനമായി കുറഞ്ഞതാണ് സ്വകാര്യലാബിന്റെ കണക്കിൽ സംശയത്തിന് വഴിവെച്ചത്.
സർക്കാർ പോർട്ടലിൽ കൃത്യമായ വിവരങ്ങൾ പങ്കുവെയ്ക്കാത്ത സ്വകാര്യ ലാബുകളുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികൾ ഉൾപ്പെടെ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ഇന്നലെ പഞ്ചായത്ത് ക്യാമ്പിൽ നടന്ന 49 ആന്റിജൻ ടെസ്റ്റിൽ അഞ്ചുപേർക്ക് മാത്രമാണ് പോസിറ്റീവായത്. 137 ആർ.ടി.പി.സി.ആർ കണക്ക് ഇന്നായിരിക്കും ലഭിക്കുക.