കൊച്ചി: ഫിഷറീസ് വകുപ്പിന്റെ ആദ്യ മാതൃകാമത്സ്യഗ്രാമം പദ്ധതി ചെല്ലാനത്ത് നടപ്പാക്കും. കടലാക്രമണ ഭീഷണി നേരിടുന്നതിന് 18 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും. ജിയോ ട്യൂബുകൾ സ്ഥാപിക്കുന്നതിനുള്ള നിലവിലുള്ള 8 കോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും.
എറണാകുളത്ത് ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനങ്ങൾ. സംസ്ഥാനത്തിന്റെ തീരദേശ വികസനത്തിനായി പ്രഖ്യാപിച്ച 5000 കോടി രൂപയുടെ പാക്കേജ് അഞ്ചു വർഷത്തിനുള്ളിൽ നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

 ചെല്ലാനത്ത് രണ്ട് മന്ത്രിമാരെത്തി

ചെല്ലാനത്ത് കടലാക്രമണമുണ്ടായ പ്രദേശങ്ങൾ വ്യവസായ മന്ത്രി പി. രാജീവ്, ഫിഷറീസ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സന്ദർശിച്ചു. തുടർന്ന് ചെല്ലാനം ബസാർ ഭാഗത്ത് കടലാക്രമണമുണ്ടായ പ്രദേശങ്ങളും മന്ത്രിമാർ സന്ദർശിച്ചു. ഇതിനുശേഷം എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് ചെല്ലാനത്തെ തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പാക്കുന്ന പദ്ധതി പൂർത്തിയാവുന്നതോടെ ചെല്ലാനത്തെ പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരമാകും. പദ്ധതിയുടെ പഠനറിപ്പോർട്ട് തയ്യാറാക്കാൻ തീരദേശ വികസന അതോറിറ്റി എം.ഡി ഷേക്ക് പരീതിനെ ചുമതലപ്പെടുത്തി.

 പദ്ധതി നിർവഹണത്തിന് രണ്ട് സമിതികൾ

പദ്ധതി നിർവഹണത്തിനായി രണ്ട് സമിതികൾ രൂപീകരിച്ചു. പൊതുമേൽനോട്ടത്തിനായി വ്യവസായമന്ത്രി പി.രാജീവ് രക്ഷാധികാരിയായ സമിതിയേയും സാങ്കേതിക മേൽനോട്ടത്തിനായി തീരദേശ വികസന അതോറിറ്റി എം.ഡി. ഷേക്ക് പരീത് അദ്ധ്യക്ഷനായ ടെക്‌നിക്കൽ കമ്മിറ്റിയേയും നിശ്ചയിച്ചു.
കടലാക്രമണം നേരിടുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനായി അനുവദിച്ച രണ്ടുകോടി രൂപ ഉടനെ വിനിയോഗിക്കും. ഒന്നാം പിണറായി സർക്കാരിന്റെ നൂറുദിന പദ്ധതിയിലുൾപ്പെടുത്തി ആവിഷ്‌കരിച്ച 16 കോടി രൂപയുടെ കടൽഭിത്തി നിർമ്മാണ പദ്ധതി ടെട്രാബോർഡ് കവചം സ്ഥാപിക്കാനായി ഉപയോഗിക്കും. ഇതിനുള്ള ടെൻഡർ നടപടികൾ ജൂൺ 25ന് പൂർത്തിയാക്കും.
വിജയൻ തോട്, ഉപ്പുതോട് ശുചീകരണം ഉടനടി പൂർത്തിയാക്കും. ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനുള്ള 8 കോടി രൂപയുടെ പദ്ധതി നടപ്പാക്കി വരികയാണ്. ഇതിനുള്ള മണൽ കൊച്ചി തുറമുഖത്ത് നിന്ന് ലഭ്യമാക്കും. ചെല്ലാനത്ത് ഉടനടി നടപ്പാക്കേണ്ടതും ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ടതുമായ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.
ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ. മാക്‌സി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് പി.ഡി. പ്രസാദ്, ജില്ലാ കളക്ടർ എസ്. സുഹാസ്, തീരദേശ വികസന അതോറിറ്റി എം.ഡി. ഷേക്ക് പരീത് തുടങ്ങിയവർ പങ്കെടുത്തു.