ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിലെ ടി.പി.ആർ റിപ്പോർട്ട് തെറ്റിച്ച് നൽകിയ സ്വകാര്യ ലാബിനെതിരെ നടപടിയെടുക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. ജനങ്ങളിൽ ഭീതി ഉളവാക്കുക വഴി ലാബിൽ പരിശോധകരുടെ എണ്ണംകൂട്ടി ലാഭം കൊയ്യുന്നതിന് വേണ്ടിയായിരുന്നു സ്വകാര്യ ലാബുകാരുടെ ശ്രമമെന്ന് പഞ്ചായത്ത് പൗരവകാശ സമിതി ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി ആരോപിച്ചു. ഭീതി സൃഷ്ടിച്ച് സ്വന്തം ലാഭം മാത്രം മുന്നിൽ കണ്ട് പ്രവർത്തിച്ച ലാബ് ഉടമക്കെതിരെ ദുരന്തനിവാരണ നിരോധന നിയപ്രകാരം കേസെടുക്കണം. കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് നാസർ എടയാർ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സജീവ്, വ്യാപാരി വ്യവസായി ഏകോപന സമിതി മുപ്പത്തടം യൂണിറ്റ് പ്രസിഡന്റ് ഷെഫീക്ക് അന്ത്രപിള്ളി എന്നിവരും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.