പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്കിന്റെ പുനർജനി കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായ ജൈവ പച്ചക്കറിക്കൃഷിയുടെ രണ്ടാം ഘട്ടം തുടങ്ങി. പൂനൂർ തുരുത്തുമ്മേൽ വർഗീസിന്റെ ഒരേക്കറോളം വരുന്ന പറമ്പ് പാട്ടത്തിനെടുത്താണ് പച്ചക്കറിക്കൃഷി തുടങ്ങിയിരിക്കുന്നത്. വരുന്ന ഓണച്ചന്തയിലേക്കാവശ്യമായ പച്ചക്കറികളാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്.ബാങ്ക് നേരിട്ടാണ് കൃഷി ചെയ്യുന്നത്.കൂടാതെ പദ്ധതിയിൽ അംഗങ്ങളായ കർഷകരുടെ പറമ്പുകളിലും ഇതോടൊപ്പം കൃഷി ആരംഭിക്കും. ഇവർക്കാവശ്യമായ വിത്തുകൾ ബാങ്കിന്റെ ഹെഡ് ഓഫീസിൽ വിതരണം തുടങ്ങി. പകുതി വിലയ്ക്ക് വളവും നൽകും. വിളവിന് ന്യായവില നൽകി ബാങ്ക് ഏറ്റെടുത്ത് ഓണച്ചന്തയിൽ വിൽക്കും. ബാങ്കിന്റെ വെങ്ങോല കവലയിലുള്ള സൂപ്പർ മാർക്കറ്റിനോടനുബന്ധിച്ചായിരിക്കും ഓണച്ചന്ത.