ആലുവ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് റൂറൽ ജില്ലയിൽ പിടികൂടിയ വാഹനങ്ങൾ വിട്ടുകൊടുക്കുന്നതിന് ഉടമ ആർ.ടി.പി.സി.ആർ നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. ഇതു സംബന്ധിച്ച് എല്ലാ സ്റ്റേഷനുകളിലേക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് രോഗമില്ലെന്ന് ഉറപ്പുവരുത്തുന്നതിനും വ്യാപനം തടയുന്നതിനും സഹായിക്കും. ജില്ലയിൽ ഒരാഴ്ചക്കുള്ളിൽ 2750 ഓളം വാഹനങ്ങളാണ് നിയന്ത്രണം ലംഘിച്ചതിന് പിടികൂടിയത്. ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ 276 കേസുകൾ രജിസ്റ്റർചെയ്തു. 65 പേരെ അറസ്റ്റുചെയ്തു. 627 വാഹനങ്ങൾ കണ്ടുകെട്ടി. മാസ്‌ക് ധരിക്കാത്തതിന് 973 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന് 1350 പേർക്കെതിരെയും നടപടിയെടുത്തു.