കൊച്ചി: നാവികസേനാ കപ്പലായ ഐ.എൻ.എസ്. ശാർദുലി 87 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്‌സിജൻ കുവൈറ്റിൽ നിന്ന് ഇന്നലെ കൊച്ചിയിലെത്തിച്ചു.

കൊവിഡ് പശ്ചാത്തലത്തിൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ ആരംഭിച്ച സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായാണിത്. വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലിലാണ് നാല് പ്രത്യേക ക്രയോജനിക് കണ്ടെയ്‌നറുകളിൽ ഓക്‌സിജൻ എത്തിച്ചത്. ഇവ സംസ്ഥാന സർക്കാരിന് കൈമാറി. ഓക്‌സിജൻ സിലിണ്ടറുകളിൽ നിറച്ച് ആശുപത്രികൾക്ക് വിതരണം ചെയ്യും.

കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തിലെ കപ്പലാണ് ശാർദുലി. സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നായി 319 മെട്രിക് ടൺ ദ്രവീകൃത ഓക്‌സിജൻ കുവൈറ്റ്, യു.എ.ഇ ഇതുവരെ എന്നിവിടങ്ങളിൽ നിന്ന് എത്തിച്ചു. മംഗലാപുരം തുറമുഖത്ത് 231.77 മെട്രിക് ടൺ ഇറക്കിയ ശേഷമാണ് കപ്പൽ കൊച്ചിയിലെത്തിയത്. 1,200 ഓക്‌സിജൻ സിലിണ്ടറുകളും എത്തിച്ചു.