മക്കൾ രാഷ്ട്രീയത്തിന് പ്രസിദ്ധിയും കുപ്രസിദ്ധിയും ആർജ്ജിച്ച പ്രദേശമാണ് ഇന്ത്യൻ ഉപഭൂഖണ്ഡം. എന്നാൽ മരുമക്കൾ രാഷ്ട്രീയത്തിന് ആ രീതിയിലുള്ള ഒരു പ്രചാരം സിദ്ധിച്ചിട്ടില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ കഴിവും പ്രാഗത്ഭ്യവും തെളിയിച്ച മൂന്നു മരുമക്കളെക്കുറിച്ചാണ് ഇൗ ലേഖനം.
ഒന്നാമത്തെയാൾ തീർച്ചയായും രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ മകൾ ഇന്ദിര പ്രിയദർശിനിയെ വിവാഹം ചെയ്ത ഫിറോസ് ജഹാംഗിർ ഗാന്ധി തന്നെയാണ്. സ്ഥലത്തെ ഒരു മദ്യവ്യാപാരിയുടെ മകനായ ഫിറോസിന് മകളെ വിവാഹം ചെയ്തു കൊടുക്കാൻ നെഹ്റുവിന് തീരെ താത്പര്യമുണ്ടായിരുന്നില്ല. എങ്കിലും മകളുടെ പിടിവാശിക്കു മുന്നിൽ ആ പിതാവ് പരാജയപ്പെട്ടു. അങ്ങനെ 1942 മാർച്ച് 26 ന് ഇന്ദിരയും ഫിറോസും തമ്മിലുള്ള വിവാഹം നടന്നു. രണ്ടു കുട്ടികളുണ്ടായശേഷം ആ വിവാഹബന്ധം ശിഥിലമായി. ഫിറോസിന്റെ മദ്യപാനവും പരസ്ത്രീ ബന്ധവും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഒരുഘട്ടത്തിൽ ഫിറോസ് വിവാഹ മോചനം ആവശ്യപ്പെട്ടെങ്കിലും ഇന്ദിര വഴങ്ങിയില്ല. അങ്ങനെ സാങ്കേതികമായി മാത്രം അവർ ഭാര്യാ ഭർത്താക്കന്മാരായി തുടർന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം നെഹ്‌റു പ്രധാനമന്ത്രിയായി. ഇന്ദിര അദ്ദേഹത്തോടൊപ്പം ഒൗദ്യോഗിക വസതിയായ തീൻ മൂർത്തി ഭവനിൽ താമസമുറപ്പിച്ചു. റായ് ബറേലിയിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഫിറോസ് ഗാന്ധി എം.പി മാരുടെ ക്വാട്ടേഴ്സിൽ താമസമാക്കി. പോകെപ്പോകെ ഫിറോസ് ഗാന്ധി കേന്ദ്രസർക്കാരിന്റെ കടുത്ത വിമർശകനായി മാറി. 1955 ൽ രാമകൃഷ്‌ണ ഡാൽമിയയുമായി ബന്ധപ്പെട്ട വലിയ അഴിമതിയാരോപണം അദ്ദേഹം പാർലമെന്റിൽ ഉന്നയിച്ചു. 1957 ൽ ഹരിദാസ് മുണ്ട്ര എന്നയാൾ ഇൻഷ്വറൻസ് മേഖലയിൽ നടത്തിയ തട്ടിപ്പുകൾ പാർലമെന്റിൽ ഉന്നയിച്ചു. അതേത്തുടർന്ന് ജസ്റ്റിസ് എം.സി. ഛഗ്ള നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനായി കണ്ടെത്തിയ ധനകാര്യമന്ത്രി ടി.ടി. കൃഷ്‌ണമാചാരിക്ക് രാജിവെക്കേണ്ടി വന്നു. നെഹ്റുവിന്റെ സെക്രട്ടറിയായിരുന്ന എം.ഒ. മത്തായിയെ പുകച്ചു പുറത്താക്കിയതിനു പിന്നിലും ഫിറോസ് ഗാന്ധിയായിരുന്നു.
1959 ഫെബ്രുവരി രണ്ടിന് ഇന്ദിരാഗാന്ധി എ.ഐ.സി.സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷമാണ് കേരളത്തിൽ കുപ്രസിദ്ധമായ വിമോചന സമരം അരങ്ങേറിയത്. ആ സമരത്തിന് പ്രചോദനം നൽകിയ പ്രധാനപ്പെട്ട വ്യക്തികളിലൊരാൾ ഇന്ദിരാഗാന്ധിയാണ്. ഫിറോസ് ഗാന്ധി വിമോചന സമരാഭാസത്തെ ശക്തമായി എതിർക്കുകയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചു വിടുന്നതിന് വിപരീതമായ നിലപാടു സ്വീകരിക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെ പിരിച്ചു വിട്ടതിനു ശേഷവും അദ്ദേഹം ആ നടപടിയെ വിമർശിച്ചു. 1960 സെപ്തംബർ എട്ടിന് ഫിറോസ് ഗാന്ധി നിര്യാതനായി. 1964 ൽ നെഹ്‌റുവും അന്തരിച്ചു. 1966 ജനുവരിയിൽ ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ഇതിനുശേഷം ഫിറോസ് ഗാന്ധി തികച്ചും വിസ്‌മൃതനായി.
കാശ്മീർ സിംഹം ഷേഖ് അബ്ദുള്ളയുടെ മൂത്തമകൾ ഖാലിദയെ വിവാഹം ചെയ്ത ഗുലാം മുഹമ്മദ് ഷായാണ് ദേശീയ തലത്തിൽ ശ്രദ്ധേയനായ രണ്ടാമത്തെ മരുമകൻ. ദീർഘകാലം വീട്ടുതടങ്കലിലായിരുന്ന ഷേഖ് അബ്ദുള്ള 1975 ൽ മോചിതനാവുകയും ജമ്മുകാശ്മീർ മുഖ്യമന്ത്രിസ്ഥാനത്ത് വീണ്ടും അവരോധിക്കപ്പെടുകയും ചെയ്തു. ആ ഘട്ടത്തിൽ അദ്ദേഹം ഷായെ മന്ത്രിസഭയിൽ രണ്ടാമനായി ഉൾപ്പെടുത്തി. വലിയ അധികാര ദുർമോഹിയും അഴിമതിക്കാരനുമായിരുന്നു ഷാ. എങ്കിലും ഷേക്കിന്റെ മരുമകൻ എന്ന നിലയ്ക്ക് ഭരണത്തിൽ വലിയ സ്വാധീനം വച്ചുപുലർത്തി. ജീവിതാന്ത്യഘട്ടത്തിൽ മകൻ ഫാറൂഖ് അബ്ദുള്ളയെ തന്റെ അനന്തരാവകാശിയായി കൊണ്ടുവരണമെന്ന് ഷേഖ് അബ്ദുള്ള ആഗ്രഹിച്ചു. അങ്ങനെ 1982 ആഗസ്റ്റ് 21 ന് ഫാറൂഖിനെ ആരോഗ്യമന്ത്രിയാക്കി മന്ത്രിസഭയിലുൾപ്പെടുത്തി. സെപ്തംബർ എട്ടിന് ഷേഖ് അബ്ദുള്ള നിര്യാതനായി. അന്നു തന്നെ ഫാറൂഖ് അബ്ദുള്ള ജമ്മു കാശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹം ജി.എം. ഷായെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. ഇതു കുടുംബത്തിനകത്ത് വലിയ അസ്വാരസ്യങ്ങൾക്ക് കാരണമായി.
1983 ജൂൺ മാസത്തിൽ ജമ്മു കാശ്മീർ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. മാതാവ് ബീഗം അബ്ദുള്ളയുടെയും സഹോദരി ഖാലിദയുടെയും നിർബന്ധത്തിനു വഴങ്ങി ജി.എം. ഷായ്ക്ക് പാർട്ടി ടിക്കറ്റ് നൽകാൻ ഫാറൂഖ് അബ്ദുള്ള നിർബന്ധിതനായി. ഷാ തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. ഇതിൽ കുപിതനായ ഷാ 1984 ൽ ഒറിജനിൽ നാഷണൽ കോൺഫറൻസ് എന്ന പാർട്ടി രൂപീകരിച്ച് പ്രതികാരത്തിനായി തക്കം പാർത്തിരുന്നു. 1984 ജൂലായ് രണ്ടിന് നാഷണൽ കോൺഫറൻസിലെ 11 എം.എൽ.എമാരെ കൂട്ടുപിടിച്ച് കോൺഗ്രസിന്റെ പിന്തുണയോടെ ഫാറൂഖിന്റെ മന്ത്രിസഭയെ അട്ടിമറിച്ചു. അനന്തരം ജി.എം. ഷാ ജമ്മുകാശ്മീർ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തു. ആ മന്ത്രിസഭ ഒന്നേമുക്കാൽ വർഷം നിലനിന്നു. അക്കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും അധികാര ദുർവിനിയോഗവും തുടർക്കഥയായി. എന്നു മാത്രമല്ല, കാശ്മീരിൽ തീവ്രവാദികളുടെ സാന്നിദ്ധ്യം വല്ലാതെ വർദ്ധിച്ചു. ക്രമസമാധാനനില താറുമാറായി. ആ സാഹചര്യത്തിൽ 1986 മാർച്ച് 12 ന് ഗവർണർ ജഗ്‌മോഹൻ കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ഷായുടെ മന്ത്രിസഭയെ പിരിച്ചുവിടുകയും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു. കാശ്മീർ മുഖ്യമന്ത്രിയാവുകയെന്ന ഷായുടെ അഭിലാഷം നിറവേറിയെങ്കിലും അതിന് സംസ്ഥാനവും രാഷ്ട്രവും വലിയ വിലകൊടുക്കേണ്ടി വന്നു.
ദേശീയ രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയ മൂന്നാമത്തെ മരുമകൻ ചന്ദ്രബാബു നായിഡുവാണ്. തിരുപ്പതിക്ക് അടുത്ത് ചന്ദ്രഗിരിയിൽ ഒരു വിദ്യാർത്ഥി നേതാവായാണ് ചന്ദ്രബാബു നായിഡുവിന്റെ അരങ്ങേറ്റം. അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ പ്രമുഖ അനുയായിയായി അറിയപ്പെട്ടു. 1978 ൽ ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചന്ദ്രഗിരി മണ്ഡലത്തിൽ അദ്ദേഹം മത്സരിച്ചു വിജയിച്ചു. 1980 ഒക്ടോബറിൽ ചെന്നറെഡ്‌ഢിയുടെ മന്ത്രിസഭ അധികാരം ഒഴിയുകയും തൽസ്ഥാനത്ത് ടി. അഞ്ജയ്യ മുഖ്യമന്ത്രിയാവുകയും ചെയ്തു. അഞ്ജയ്യയുടെ ജംബോ മന്ത്രിസഭയിൽ 63 അംഗങ്ങളുണ്ടായിരുന്നു. അതിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും സിനിമാട്ടോഗ്രഫിയുടെയും ചുമതല വഹിച്ച മന്ത്രിയായിരുന്നു ചന്ദ്രബാബു നായിഡു. ആ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും അദ്ദേഹമായിരുന്നു.
അങ്ങനെ മന്ത്രിയായിരിക്കുമ്പോൾ, തെലുങ്കു സിനിമയിലെ സൂപ്പർ സ്റ്റാറായ എൻ.ടി. രാമറാവുവിന്റെ രണ്ടാമത്തെ മകൾ ഭുവനേശ്വരിയെ അദ്ദേഹം വിവാഹം ചെയ്തു. രാജീവ് ഗാന്ധിയുടെ അപ്രീതിക്ക് പാത്രീഭൂതനായ അഞ്ജയ്യയ്ക്ക് 1982 ഫെബ്രുവരി 24 ന് സ്ഥാനമൊഴിയേണ്ടി വന്നു. ഇതോടെ ചന്ദ്രബാബു നായിഡുവിന് മന്ത്രിസ്ഥാനവും നഷ്ടപ്പെട്ടു. ഇതിനു തൊട്ടുപിന്നാലെ എൻ.ടി. രാമറാവു ആന്ധ്രപ്രദേശിൽ പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകി. അതാണ് തെലുങ്കുദേശം പാർട്ടി. പക്ഷേ, ചന്ദ്രബാബു നായിഡു ഭാര്യാപിതാവിന്റെ പാർട്ടിയിൽ ചേരാൻ കൂട്ടാക്കിയില്ല. അദ്ദേഹം അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി കോൺഗ്രസിൽ തുടർന്നു. 1983 ജനുവരിൽ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും തെലുങ്കുദേശം സ്ഥാനാർത്ഥിയോടു തോൽക്കുകയാണ് ഉണ്ടായത്. പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് അദ്ദേഹം കോൺഗ്രസിൽ നിന്ന് രാജിവെച്ച് തെലുങ്കുദേശം പാർട്ടിയിൽ ചേർന്നു. പിന്നീട് രാമറാവുവിന്റെ വലംകൈയായി മാറി. പാർട്ടിയിലെ രണ്ടാമൻ എന്നു പറയാവുന്ന അവസ്ഥയിലേക്കെത്തി.
വിഭാര്യനായ രാമറാവു അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതാൻ വന്ന ലക്ഷ്മി പാർവതി എന്ന സ്ത്രീയുമായി അടുപ്പത്തിലാവുകയും അവരുമൊത്ത് ജീവിക്കാൻ തുടങ്ങുകയും ചെയ്തു. ഇൗ ഘട്ടത്തിൽ രാമറാവുവിന്റെ മക്കളും മരുമക്കളുമുൾപ്പെടെ എല്ലാവരും ഇൗ ബന്ധത്തെ എതിർത്തു. ചന്ദ്രബാബു നായിഡു മാത്രമാണ് ഇൗ ബന്ധത്തെ അനുകൂലിച്ചത്. 1993 ൽ രാമറാവുവും ലക്ഷ്മി പാർവതിയും നിയമപരമായി വിവാഹതിരായി. ലക്ഷ്മി പാർവതി തെലുങ്കുദേശത്തിന്റെ യോഗങ്ങളിൽ പ്രധാന താരമായി. അവരുടെ പ്രസംഗം കേൾക്കാൻ വലിയ ജനാവലി തടിച്ചു കൂടി. 1994 ലെ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം നേടി തെലുങ്കുദേശം പാർട്ടി അധികാരത്തിൽ തിരിച്ചെത്തി. ചന്ദ്രബാബു നായിഡു റവന്യു, ധനകാര്യ വകുപ്പുകളുടെ ചുമതലക്കാരനും മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനുമായി മാറി.
1995 സെപ്തംബർ ഒന്നിന് രാമറാവുവിനെ അട്ടിമറിച്ച് ചന്ദ്രബാബു നായിഡു അധികാരം പിടിച്ചെടുത്തു. ബഹുഭൂരിപക്ഷം എം.എൽ.എമാരും ചന്ദ്രബാബുവിനൊപ്പമാണെന്ന് മനസിലാക്കി ഗവർണർ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി അവരോധിച്ചു. സെപ്തംബർ ഏഴിന് അദ്ദേഹം നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു. തെലുങ്കുദേശത്തിന്റെ 219 അംഗങ്ങളിൽ വെറും 28 പേർ മാത്രമാണ് രാമറാവുവിനൊപ്പം നിലയുറപ്പിച്ചത്. ആ വഞ്ചനയിൽ മനംനൊന്ത് രാമറാവു രോഗിയായി മാറി. അദ്ദേഹം ഷാജഹാൻ ചക്രവർത്തിയോടാണ് സ്വയം ഉപമിച്ചത്. അധികാരം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ 1996 ജനുവരി 18 ന് രാമറാവു കഥാവശേഷനായി. അദ്ദേഹത്തിന്റെ മരണശേഷം ലക്ഷ്മി പാർവതി ഭർത്താവിന്റെ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തു. എങ്കിലും അവർക്ക് രാഷ്ട്രീയത്തിൽ വലിയ വിജയം നേടാൻ കഴിഞ്ഞില്ല. ചന്ദ്രബാബു നായിഡു തെലുങ്കുദേശം പാർട്ടിയുടെ പ്രസിഡന്റും മുഖ്യമന്ത്രിയുമായി തുടർന്നു. അദ്ദേഹം രാഷ്ട്രീയത്തിൽ വലിയ വിജയം കൈവരിച്ചു. പിന്നീട് രണ്ടു തവണകൂടി ആന്ധ്ര പ്രദേശിന്റെ മുഖ്യമന്ത്രിയായി. നിലവിൽ അദ്ദേഹം തെലുങ്കുദേശം പാർട്ടിയുടെ പ്രസിഡന്റും ആന്ധ്രപ്രദേശ് നിയമസഭയിൽ പ്രതിപക്ഷ നേതാവുമായി തുടരുന്നു.
ഏതെങ്കിലും പ്രധാന നേതാവിന്റെ മകളെ വിവാഹം ചെയ്ത് രാഷ്ട്രീയഭാവി ശോഭനമാക്കാൻ ആഗ്രഹിക്കുന്ന എല്ലാ ചെറുപ്പക്കാർക്കുമായി ഇൗ എളിയ ലേഖനം സമർപ്പിക്കുന്നു.