cow

കൊച്ചി: കാലവർഷത്തിന് മുന്നോടിയായി കന്നുകാലികൾക്ക് നൽകുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ മുടങ്ങിയത് ക്ഷീരകർഷകരെ ആശങ്കയിലാക്കി. മഴക്കാലത്ത് പശുക്കളിൽ കുരലടപ്പൻ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ വാക്സിൻ എടുക്കുന്നത് പതിവാണ്. കൊവിഡും ലോക്ക്ഡൗണും മൂലം ഇത്തവണ വാക്സിനേഷൻ നടന്നിട്ടില്ല. ഇതിനോടകം തന്നെ നിരവധി പശുക്കൾ ചത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ സമയത്താണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പശുക്കളിൽ ചർമ്മമുഴ രോഗം സ്ഥിരീകരിച്ചത്. കുളമ്പുരോഗ വ്യാപനവും വലിയ തോതിലുണ്ട്. അകിടുവീക്കം, ആന്ത്രാക്സ്, എലിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്തു തുടങ്ങി. ഈ രോഗങ്ങളെ ഫലപ്രദമായി ചെറുത്തുനിൽക്കണമെങ്കിൽ വാക്സിനേഷൻ അനിവാര്യമാണ്.

മഴക്കാല സംരക്ഷണം

തൊഴുത്തുകളിലെ വൈദ്യുതബന്ധം പരിശോധിക്കണം

തൊഴുത്ത് വൃത്തിയാക്കി ഈച്ചശല്യം ഒഴിവാക്കണം.

തൊഴുത്തിൽ വെള്ളംകയറിതാൽ പശുക്കളെ ടൈൽ പാകിയ സ്ഥലങ്ങളിൽ നിർത്തരുത്.

പശുക്കിടാങ്ങൾക്ക് വിരമരുന്ന് നൽകണം.

 രണ്ടുമാസത്തിനിടെ 2 പശുക്കളും 2 കിടാവുകളും ചത്തു. ഇവയ്ക്ക് ഇൻഷ്വറൻസുമില്ല. 2 ലക്ഷം രൂപയുടെ നഷ്ടം. പാൽ ഉത്പാദനത്തെയും ബാധിച്ചു. പശുക്കളിൽ പ്രത്യുത്പാദന കുത്തിവയ്പും മുടങ്ങിയിട്ടുണ്ട്. ഇത് ഭാവിയിൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും.

ഒ.പി.മോഹനദാസ്

ക്ഷീരകർഷകൻ

 ഏതെങ്കിലും മേഖലയിൽ ഇത്തരം രോഗങ്ങൾ വ്യാപകമായി റിപ്പോർട്ടു ചെയ്താൽ 3 കിലോമീറ്റർ അപ്പുറമുള്ള സ്ഥലത്ത് അടിയന്തരമായി വാക്സിനേഷൻ സംഘടിപ്പിക്കും. മഴക്കാലത്ത് വാക്സിൻ എടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പശുക്കൾക്ക് കൂടുതൽ ശ്രദ്ധകൊടുക്കണം. അധികം തണുപ്പേൽക്കാതെ ഇവയെ സംരക്ഷിക്കണം. പനി, താടയിൽ നീര് എന്നിവ ഉണ്ടായാൽ ശ്രദ്ധിക്കണം. ഇത് കുരലടപ്പന്റെ ലക്ഷണങ്ങളാണ്. വെള്ളംകയറി സ്ഥലങ്ങളിൽ പശുക്കളെ നി‌റുത്താതിരിക്കാനും ശ്രദ്ധിക്കണം.

സീന ടി.എക്സ്

അസിസ്റ്റന്റ് പ്രഫസർ

കാറ്റിൽ ബ്രീഡിംഗ് ഫാം തുമ്പൂർമുഴി

 ഇരുട്ടടിയായി കാലിത്തീറ്റ വർദ്ധന

കൊച്ചി: കൊവിഡുകാലത്ത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കി കാലത്തീറ്റവില വ‌ർദ്ധനയും. 50 കിലോ ചാക്ക് കാലിത്തീറ്റയ്ക്ക് 75 രൂപയാണ് 2 മാസത്തിനുള്ളിൽ വ‌ർദ്ധിച്ചത്. പാലുത്പാദനം കുറഞ്ഞ സമയത്തെ വി​ലക്കയറ്റം വലി​യ നഷ്ടത്തി​ലേക്കാണ് നയി​ക്കുന്നതെന്ന് കർഷകർ പറയുന്നു. മിൽമ മാത്രമാണ് വി​ലവർദ്ധി​പ്പി​ക്കാത്തത്.

കഴിഞ്ഞ ആഴ്ച മാത്രം 25 രൂപ കൂടി. ഇപ്പോൾ ചാക്കിന് 1195 രൂപയാണ് വില.  കാലിത്തീറ്റയ്ക്കുള്ള ചോളം, പരുത്തിക്കുരു, ഗോതമ്പ് എന്നിവ ആന്ധ്ര, കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുമാണ് എത്തുന്നത്. ലോക്ക്ഡൗൺ ആയതിനാൽ ഇവയുടെ വരവും കാര്യമായി കുറഞ്ഞു.എങ്കി​ലും വിലകൂട്ടാതെ തന്നെ ഡി​മാൻഡ് അനുസരിച്ച് നൽകാൻ മി​ൽമയ്ക്ക് സാധിക്കുന്നുണ്ട്. ജോൺ തെരുവോത്ത് മിൽമ എറണാകുളം മേഖല യൂണിയൻ ചെയ‌ർമാൻ