കൊച്ചി: ലക്ഷദ്വീപിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി നൽകിയ ഹർജിയിൽ ഹൈക്കോടതി ദ്വീപ് അഡ്മിനിസ്ട്രേറ്ററോടും കേന്ദ്ര സർക്കാരിനോടും വിശദീകരണംതേടി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ജസ്റ്റിസുമാരായ കെ. വിനോദ്ചന്ദ്രനും എം.ആർ. അനിതയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
ഇക്കാലയളവിൽ ലക്ഷദ്വീപിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന് നിർദ്ദേശിക്കണമെന്ന ഹർജിക്കാരന്റെ ഇടക്കാല ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. നയപരമായ കാര്യമാണിതെന്നും വിശദമായി വാദം കേൾക്കണമെന്നും ഡിവിഷൻബെഞ്ച് വാക്കാൽപറഞ്ഞു. തുടർന്ന് ഹർജി ജൂൺ 15ന് പരിഗണിക്കാൻ മാറ്റി. കേന്ദ്ര സർക്കാരിനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും വേണ്ടി അഡി. സോളിസിറ്റർ ജനറൽ കെ. നടരാജ് ഹാജരായി.
ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിട്ടി റെഗുലേഷൻ എന്ന കരടുനിയമത്തിനെതിരെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
കൊവിഡ് പ്രോട്ടോക്കോൾ: ഹർജി തള്ളി
ലക്ഷദ്വീപിലെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തിയതിനെതിരെ ദ്വീപ് നിവാസി എം.കെ. അക്ബർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് തള്ളി. 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞേ ദ്വീപിലേക്ക് എത്താവൂ എന്ന വ്യവസ്ഥ അധികൃതർ എടുത്തുകളഞ്ഞതിലൂടെ മേഖലയിൽ രോഗവ്യാപനം രൂക്ഷമായെന്നാരോപിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ലക്ഷദ്വീപിൽ കഴിഞ്ഞ ഡിസംബറിലാണ് കൊവിഡ് പ്രോട്ടോക്കോൾ പുതുക്കിയത്.
ലക്ഷദ്വീപ് വികസനയോഗത്തിൽ
അദ്ധ്യക്ഷൻ അമിത് ഷാ
കൊച്ചി: ലക്ഷദ്വീപിൽ പ്രതിഷേധം വിളിച്ചുവരുത്തിയ വികസന പദ്ധതികൾക്ക് രൂപം നൽകിയത് 2020 ജനുവരി 13ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഐലൻഡ് ഡെവലപ്മെന്റ് ഏജൻസി (ഐ.ഡി.എ) യോഗമാണ്.
ലക്ഷദ്വീപിലെ അന്നത്തെ അഡ്മിനിസ്ട്രേറ്റർ മുൻ ഇന്റലിജൻസ് ബ്യൂറോ മേധാവി ദിനേശ്വർ ശർമ, ആൻഡമാൻ - നിക്കോബാർ ലെഫ്റ്റനന്റ് ഗവർണർ അഡ്മിറൽ ഡി.കെ. ജോഷി (റിട്ട), കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് എന്നിവരും വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരും യോഗത്തിലുണ്ടായിരുന്നു.
ഏതാനും വർഷങ്ങളായി ലക്ഷദ്വീപിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെയും സൈനിക വിഭാഗങ്ങളുടെയും സൂക്ഷ്മനിരീക്ഷണമുണ്ട്.
യോഗം രൂപം നൽകിയ
വികസന പദ്ധതികൾ
1. സമുദ്റോത്പന്നങ്ങളുടെയും കേരോത്പന്നങ്ങളുടെയും കയറ്റുമതി
2. ടൂറിസം വികസനത്തിലൂടെ തൊഴിലവസരങ്ങൾ. കരയിലും കടലിലും വില്ലകൾ
3. വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ചെറുകിട, ഇടത്തരം പദ്ധതികൾ
4. മിനിക്കോയി ദ്വീപിലെ നിർദിഷ്ട വിമാനത്താവളം
5. ഡിജിറ്റൽ കണക്ടിവിറ്റി സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ
ലക്ഷദ്വീപിൽ ഹിതപരിശോധന നടത്തണം: ഹൈദരലി ശിഹാബ് തങ്ങൾ
മലപ്പുറം: ലക്ഷദ്വീപിൽ നടപ്പാക്കുന്ന വിവാദ നടപടികളിൽ ദ്വീപ് നിവാസികൾക്കിടയിൽ ഹിത പരിശോധന നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. ലക്ഷദ്വീപ് വിഷയത്തിൽ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദ്വീപ് നിവാസികളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും കേൾക്കാൻ കേന്ദ്രം തയ്യാറാവണം. ദ്വീപുകാരുടെ സമാധാന ജീവിതവും പൈതൃകവും പാരമ്പര്യവും ഇല്ലാതാക്കുന്ന നീക്കങ്ങൾ പ്രതിഷേധാർഹമാണ്. മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് കേന്ദ്രം നിയോഗിച്ച അഡ്മിനിസ്ട്രേറ്ററുടെ ശ്രമമെന്നും ഹൈദരലി തങ്ങൾ പറഞ്ഞു. പി.വി.അബ്ദുൾ വഹാബ് എം.പി, നിയുക്ത എം.പി അബ്ദുസമദ് സമദാനി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
യു.ഡി.എഫ് നേതാക്കൾ പ്രതിഷേധിച്ചു
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ യു.ഡി.എഫ് സംസ്ഥാന നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തി. രാവിലെ 11 മണിക്ക് ഇന്ദിരാഭവന് മുന്നിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസൻ, കെ.മുരളീധരൻ ഘടകകക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലികുട്ടി, കെ.പി.എ. മജീദ്, എം.കെ. മുനീർ, പി.ജെ. ജോസഫ്, എ.എ. അസീസ്, എൻ.കെ. പ്രേമചന്ദ്രൻ, മാണി.സി. കാപ്പൻ, അനൂപ് ജേക്കബ്, സി.പി. ജോൺ, ജി.ദേവരാജൻ എന്നിവർ പങ്കെടുത്തു.