photo
വീരൻപുഴ

വൈപ്പിൻ: ചെളിയും മണ്ണും എക്കലും നിറഞ്ഞ വീരൻപുഴയ്ക്ക് പുതുജീവൻ. ജൈവ വൈപ്പിൻ പദ്ധതിയിലെ നിയമ തടസങ്ങൾ നീക്കി പുതിയ എം.എൽ.എ കെ.എൻ.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ ഡ്രഡജിംഗ് നടത്തി പുഴയിലേയും അനുബന്ധ കനാലുകളിലേയും ചെളിയും പോളയും മാലിന്യങ്ങളും നീക്കം ചെയ്യാനുള്ള നടപടികൾ ഉടൻ തുടങ്ങും.

ഒരു കാലത്ത് വൈപ്പിൻ, ഏഴിക്കര, വരാപ്പുഴ, കടമക്കുടി മേഖലകളിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ജീവിത മാർഗമായിരുന്നു വീരൻപുഴ. ഒമ്പതോളം പഞ്ചായത്ത് പ്രദേശങ്ങളിലെ പാച്ചു വഞ്ചിക്കാർ, ചീന വലക്കാർ, വീശുകാർ തുടങ്ങിയ വിഭാഗം തൊഴിലാളികളാണ് പുഴ കൊണ്ട് ജീവിച്ചിരുന്നത്. എന്നാൽ കാലക്രമേണ പുഴയുടെ സ്വാഭാവിക ഒഴുക്ക് കുറഞ്ഞു. ഇതിനൊരു പരിഹാരമായിരുന്നു എസ്. ശർമ്മ. എം.എൽ.എയുടെ കാലത്ത് രൂപപ്പെടുത്തിയ ജൈവ വൈപ്പിൻ പദ്ധതി. എന്നാൽ പദ്ധതി കോടതി കയറിയതോടെ തുടർനടപടികൾ നിലച്ചു. നിയമ തടസങ്ങൾ ഇപ്പോൾ നീങ്ങിയതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. പുഴയിൽ നിന്നെടുക്കുന്ന മണ്ണ് നീർതടങ്ങൾ നികത്താൻ ഉപയോഗിക്കരുതെന്ന് വ്യവസ്ഥയോടെയാണ് പദ്ധതി പൂർത്തികരിക്കുക. ഇതുമായി ബന്ധപ്പെട്ട് കോസ്റ്റൽ സോൺ അതോറിറ്റിയേയും കേരള ലാൻഡ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനേയും സമീപിക്കുന്നുണ്ട്.പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് മന്ത്രിമാരുടേയും വിവിധ വകുപ്പ് തലവൻമാരുടെയും ഉന്നത തല യോഗം ചേർന്ന് തുടർനടപടികൾക്ക് രൂപം ന്‌ലകിയിട്ടുണ്ട് . 62 കോടി രൂപയാണ് ഇതിനായി വകയിരിത്തിയിട്ടുള്ളത്.

നേട്ടങ്ങൾ ഇങ്ങനെ

വൈപ്പിൻകരക്ക് പൊതുവെയും കടമക്കുടിക്ക് പ്രത്യേകിച്ച് നേട്ടമാവും പദ്ധതി. വീരൻപുഴയും മത്സ്യസമ്പത്തും ഗണ്യമായി വർദ്ധിക്കും. ചെമ്മീൻ കെട്ടുകൾക്കും സമാന ഗുണമുണ്ടാകും. ആഴവും ഒഴുക്കും കൂടുന്നതിനാൽ ശക്തമായ വേലിയേറ്റം മൂലം ഇടക്കിടെ ഉണ്ടാകുന്ന വെള്ളപ്പൊക്കം ഒഴിവാകും. കടമക്കുടിയിൽ മൂല്യവർദ്ധിത പ്രൊസസിംഗ് യൂണിറ്റിന് തുടക്കമാവും. കർഷകരുടേയും ഉൾനാടൻ മത്സ്യത്തൊഴിലാളികളുടേയും വരുമാനവും തൊഴിലും വലിയ നിലയിൽ വർദ്ധിക്കുമെന്ന് എം.എൽ.എ. സൂചിപ്പിച്ചു.