മൂവാറ്റുപുഴ: മഴക്കാല സാംക്രമിക രോഗങ്ങൾ തടയുന്നതിനും മാലിന്യമുക്ത നഗരമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുമായി മൂവാറ്റുപുഴ നഗരസഭ വൃത്തിയുള്ള വീടും നാടും പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി 28 വാർഡുകളിലേയും പൊതു ഇടങ്ങളിലും ശുചീകരണം നടത്തുമെന്ന് മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ് അറിയിച്ചു. ജൂൺ 5,6 തിയ്യതികളിൽ ഒറ്റക്കും കൂട്ടമായും ശുചീകരണ പ്രവർത്തനം സംഘടിപ്പിക്കും. ഒരു വാർഡിൽ 5 അംഗങ്ങൾ വീതമുളള ഇരുപതോളം ഗ്രൂപ്പുകൾ ഇതിനായി എല്ലാ വാർഡിലും രൂപികരിക്കും. ഇന്നലെ വാർഡ് തലത്തിൽ ദ്രുത കർമ്മ സേനയുടെ യോഗം നടത്തി. കൊതുക് നശീകരണത്തിനായി ഫോഗിംഗും സ്‌പ്രേയും ഉപയോഗിക്കും. ജൂൺ 5 ന് മുമ്പായി പ്രധാന കേന്ദ്രങ്ങളിൽ മാസ് ക്ലീനിംഗ് പൂർത്തിയാക്കും. ഇതിന്റെ വിജയത്തിനായി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുബശ്രീ അയൽക്കൂട്ടം, യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, വ്യാപാരി സംഘടനകൾ, ക്ലബുകൾ, റസിഡൻസ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികളുടെ യോഗം വിളിച്ച് ചേർക്കും.ഇതോടനുബന്ധിച്ച് പൊതു ഓടകളുടെ ശുചീകരിച്ച് വെളളക്കെട്ട് ഒഴിവാക്കുന്നതിനുളള പ്രവർത്തനവും നടത്തും. നഗരസഭ ഓഫീസിൽ നടന്ന യോഗത്തിൽ ചെയർമാൻ പി.പി.എൽദോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപഴ്‌സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അജി മുണ്ടാട്ട്, പി.എം.അബ്ദുൾ സലാം, നിസ അഷറഫ്, രാജശ്രീ രാജൂ, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, മുനി.സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ, കൗൺസിലർമാരായ പി.വി.രാധാകൃഷ്ണൻ, ബിന്ദു സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.