കൊച്ചി: ''പ്രിയ പൊലീസ് അങ്കിൾ. എന്റെ സൈക്കിൾ കണ്ടെത്തി നൽകിയതിന് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല. ഞാൻ കേരള പൊലീസിൽ അഭിമാനിക്കുന്നു. എല്ലാവർക്കും ബിഗ് സല്യൂട്ട്'' കഴിഞ്ഞ ദിവസം എറണാകുളം സെൻട്രൽ സ്റ്റേഷൻ സി.ഐയുടെ വാട്സ്ആപ്പിൽ വന്ന കത്ത് ഇങ്ങനെയാണ് അവസാനിക്കുന്നത്. ഇതിനൊപ്പം ആ നിമിഷം ഒാർമ്മപ്പെടുത്തുന്ന ഒരു ചിത്രവുമുണ്ടായിരുന്നു. ഹൃദയത്തിൽ നിന്നും ലഭിച്ച ഈ സല്യൂട്ടും ചിത്രവും അയച്ചത് കേന്ദ്രവിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കീർത്തനയാണ്. ആ കത്തിന്റെ കഥ ഇങ്ങനെ.
ഹലോ പൊലീസ് സ്റ്റേഷൻ...
ഇക്കഴിഞ്ഞ വ്യാഴം ഉച്ചയോടെയാണ് എറണാകുളം സെൻട്രൽ സ്റ്റേഷൻ എസ്.എച്ച്.ഒ എ.സിനാറിന്റെ ഫോണിലേക്ക് ഒരു കോൾ വരുന്നത്. മറുതലയ്ക്കൽ ഒരു കുട്ടിയാണ്. എസ്.എച്ച്.ഒ കാര്യം തിരക്കി. സർ, ഞാൻ കീർത്തന. എറണാകുളം മഹരാജാസ് കോളേജിന് അടുത്ത് വാടക വീട്ടിലാണ് താമസം. എട്ടാം ക്ലാസിലാണ്. രണ്ട് വർഷമായ സ്വരുക്കൂട്ടി വച്ച തുകകൊണ്ട് വാങ്ങിയ സൈക്കിൾ ആരോ മോഷ്ടിച്ചു. അമ്മയുടെ കോട്ടയത്തെ വീട്ടിലാണിപ്പോൾ. ഹൗസ് ഓണറാണ് സൈക്കിൾ കാണാതായ വിവരം അറിയിച്ചത്. എന്റെ സൈക്കിൾ എങ്ങിനെ എങ്കിലും കണ്ടുപിടിച്ചു തരണം. ഉറപ്പായും. ആശ്വാസവും പ്രതീക്ഷയും നൽകി നിസാർ മറുപടി നൽകി. സൈക്കിളിന്റെ ചിത്രം വാട്സാപ്പിലൂടെ കൈമാറാനും നിർദേശിച്ചു. ഉടൻ തന്നെ അന്വേഷണവും തുടങ്ങി.
ഹലോ കീർത്തനയല്ലേ
അരമണിക്കൂറിനുള്ളിൽ സൈക്കിൾ പൊലീസിന് ലഭിച്ചു. രാവിലെ പൊലീസ് പരിശോധനയ്ക്കിടെ നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നയാൾ സൈക്കിളുമായി കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട സൗത്ത് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ ഇയാളെ തടഞ്ഞുവച്ച് സൈക്കിൾ കസ്റ്റഡിയിൽ എടുത്തിരുന്നു. ഉച്ചയ്ക്ക് ശേഷം പൊലീസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ സൈക്കിളിന്റെ ചിത്രം ഷെയർ ചെയ്തതോടെയാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന രാജേഷ് കുമാറിന്റെയും ആർ.നിജിയുടെയും മകളാണ് കീർത്തന.
''സൈക്കിൾ തിരിച്ചുകിട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. അതുകൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് തോന്നി. അങ്ങിനെയാണ് ലെറ്ററും ചിത്രവും കൈമാറാൻ തീരുമാനിച്ചത്. ''
കീർത്തന
''കൊവിഡ് കാലത്തും കേരളാ പൊലീസിന് കൂടുതൽ കരുത്ത് പകരുന്നതാണ് കീർത്തനയുടെ ഈ കത്തും ചിത്രവും''
എ.നിസാർ
എസ്.എച്ച്.ഒ
സെൻട്രൽ സ്റ്റേഷൻ