കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റെടുത്തിട്ട് ഇന്ന് പത്തുവർഷം പൂർത്തിയാകുന്നു. കർദിനാൾ വർക്കി വിതയത്തിലിന്റെ നിര്യാണത്തെ തുടർന്നാണ് തക്കല രൂപതയുടെ മെത്രാനായിരുന്ന ആലഞ്ചേരിയെ സഭയുടെ തലവനും പിതാവുമായി 2011 മേയ് 14ന് തിരഞ്ഞെടുത്തത്. 29 ന് സഭയുടെ മൂന്നാമത്തെ മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റെടുത്തു. ലളിതജീവിതം മുഖമുദ്രയാക്കിയ ആലഞ്ചേരിയുടെ സ്ഥാനാരോഹണത്തിന്റെ ദശവാർഷികത്തിന് ആഘോഷമില്ല. സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ രാവിലെ കുർബാന അർപ്പിക്കും. കൂരിയ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും വൈദികരും കന്യാസ്ത്രീകളും പങ്കുചേരും.
ഷംഷാബാദ്, ഹോസൂർ രൂപതകൾ സ്ഥാപിച്ചത് ആലഞ്ചേരിയാണ്. ഫരീദാബാദ്, മെൽബൺ, മിസിസാഗ, ഗ്രേറ്റ് ബ്രിട്ടൻ രൂപതകളും സ്ഥാപിച്ചു. റോമിൽ സഭയ്ക്ക് സ്വന്തമായി കെട്ടിടം പൂർത്തിയാക്കുന്നതിലും അദ്ദേഹം നേതൃത്വം വഹിച്ചു.
സഭയുടെ മേജർ ആർച്ച് ബിഷപ്പെന്ന നിലയിൽ 35 രൂപതകളിലും പുറത്തുമായി 50 ലക്ഷം വിശ്വാസികളുടെ ആത്മീയതലവനാണ്. എറണാകുളം -അങ്കമാലി അതിരൂപതയുടെ മെത്രാൻ കൂടിയാണ്. കേരള കത്തോലിക്ക മെത്രാൻ സമിതി പ്രസിഡന്റ്, ഇന്റർചർച്ച് കൗൺസിൽ പ്രസിഡന്റ് ചുമതലകളും വഹിക്കുന്നു. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം പൗരസ്ത്യ വിദ്യാപീഠം, ബംഗളൂരു ധർമ്മാരാം വിദ്യാക്ഷേത്രം എന്നിവയുടെ ചാൻസലറുമാണ്.
മാർപാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള 115 കർദിനാൾമാരിൽ ഒരാളാണ് കർദിനാൾ ആലഞ്ചേരി.
പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ലെയണാർഡോ സാന്ദ്രിയും സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജോ ഗല്ലാറോയും ഇന്ത്യയുടെ നിയുക്ത വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറേല്ലിയും ആലഞ്ചേരിക്ക് ആശംസകൾ നേർന്നു.