tgmohanda
ലക്ഷദ്വീപ്, ഗസ്റ്റ് ഹൗസിന് മുമ്പിൽ നടന്ന ഐക്യദാർഡ്യ സമരം അഡ്വ.ടി.ജി.മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ലക്ഷദ്വീപിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പിന്നിൽ അവിടുത്തെ ഭൂമാഫിയയും സർക്കാർ കരാറുകാരുമാണെന്ന് ജനാധിപത്യ സംരക്ഷണവേദി ആരോപിച്ചു. ലക്ഷദ്വീപ് ഭരണകൂടത്തിന് ഐക്യദാർഢ്യവുമായി എറണാകുളം ഗാന്ധിനഗറിലെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിന് മുന്നിൽ ഇന്നലെ ഇവർ നിൽപ്പ് സമരം സംഘടിപ്പിച്ചു.

2010ൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ ലക്ഷദ്വീപിൽ സ്ഥാപിക്കുന്നതിനെ തടഞ്ഞത് ഈ മാഫിയാ സംഘമാണ്. പതിനൊന്ന് വർഷമായി ഈ പ്രതിമ ലക്ഷദ്വീപിൽ അനാഥമായി കിടപ്പുണ്ടെന്ന് സമരം ഉദ്ഘാടനം ചെയ്ത സമിതി ചെയർമാൻ അഡ്വ.ടി.ജി. മോഹൻദാസ് ആരോപിച്ചു. ദ്വീപ് വികസനത്തിന് തുരങ്കം വെക്കാനാണ് കുത്തക ഭൂമാഫിയയും കോൺട്രാക്ടർമാരും കൈകോർത്ത് ദുഷ്പ്രചാരണം നടത്തുന്നത്. ദ്വീപിലെ ചെറുപ്പക്കാരെ സംഘടിതമായി മയക്കുമരുന്നിന് അടിമപ്പെടുത്താൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. മനോഹരമായ കടൽത്തീരം മത്സ്യത്തൊഴിലാളികളുടെ പേരിൽ ഭൂമാഫിയ കൈയടക്കുകയാണെന്ന് മോഹൻദാസ് പറഞ്ഞു.

ബി.ജെ.പി മേഖലാ സെക്രട്ടറി സി.ജി. രാജഗോപാൽ, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം അ.ഭാ.ബിജു, ക്യാപ്ടൻ കെ. സുന്ദരൻ എന്നിവർ സംസാരിച്ചു.