ആലുവ: ലോക്ക് ഡൗൺ ആരംഭിച്ച നാൾ മുതൽ ചൂർണ്ണിക്കര പഞ്ചായത്തിൽ വിപുലമായ സേവന പ്രവർത്തനങ്ങളുമായി സേവാഭാരതി. കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും ടെസ്റ്റിന് കൊണ്ടുപോകുന്നതിനുമായി വാഹന സൗകര്യം, കൊവിഡ് രോഗികൾക്കും ദീർഘദൂര വാഹനങ്ങളിലെ ജീവനക്കാർക്കും ഭക്ഷണ വിതരണം, എല്ലാ വാർഡുകളിലും പ്രതിരോധ മരുന്നുകളുടെ വിതരണം, വീടുകൾ അണുവിമുക്തമാക്കൽ, കിറ്റ് വിതരണം തുടങ്ങിയവയാണ് സേവഭാരതി പ്രവർത്തകർ ദിവസങ്ങളായി ചെയ്തുവരുന്നത്.
പഞ്ചായത്തിൽ കൊവിഡ് ബാധിതരായി മരണമടഞ്ഞ നാല് പേരുടെ മൃതദേഹം സേവാഭാരതി പ്രവർത്തകരാണ് സംസ്കരിച്ചത്. ആലുവ അദ്വൈതാശ്രമവുമായി ചേർന്ന് ഉച്ചയ്ക്കും രാത്രിയുമായി നൂറോളം പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഓക്‌സിജൻ കോൺസൻട്രേറ്ററിന്റെയും പൾസ് ഓക്‌സി മീറ്ററും വിതരണം ചെയ്തു. ആയുഷ് മന്ത്രാലയം അംഗീകരിച്ച ആയുഷ് 64 മരുന്ന് 50 കൊവിഡ് രോഗികൾക്ക് വിതരണം ചെയ്തു. വീടുകൾക്ക് പുറമെ പ്രധാന സ്ഥാപനങ്ങളും അണുവിമുക്തമാക്കി. അഡ്വ. ശ്രീനാഥ്, എം.സി.ഷിജു, കെ.വി.സുനിൽകുമാർ, സനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.