panchayath
പായിപ്ര പഞ്ചായത്ത് അഞ്ചാം വാർഡിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ബോധവത്കരണം

മൂവാറ്റുപുഴ: ഡെങ്കിപ്പനി പുറമെ മഞ്ഞപിത്തവും സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനൾ ഉൗർജ്ജിതമാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. ആരോഗ്യ പ്രവർത്തർ ബോധവത്കരണവും പ്രതിരോധ മരുന്ന് വിതരണവും തുടങ്ങി.

കൊവിഡ് മഹാമാരിയുടെ കാലത്ത് ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളെ കോർത്തിണക്കിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ആശവർക്കർമാരും സന്നദ്ധ സേന പ്രവർത്തകരും നേതൃത്വം നൽകുമ്പോൾ പ്രതിരോധ മരുന്ന് വിതരണം കുടുംബശ്രീ പ്രവർത്തകരാണ് നടത്തുന്നത്.

പായിപ്ര, ആയവന, മഞ്ഞള്ളൂർ, വാളകം, മാറാടി, മൂവാറ്റുപുഴ നഗരസഭ എന്നിവിടങ്ങളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. അതുകെണ്ട് തന്നെ നിയോജക മണ്ഡലത്തിൽ അതിന്റെതായ പ്രാധാന്യം ഉൾക്കൊണ്ടാണ് ഇക്കുറി ഡെങ്കിക്കെതിരെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് കൂടുതൽ പേരും കൊവിഡിനെ പ്രതിരോധിക്കുന്നതിന് വീടുകളിൽ കഴിയുന്ന ഈ സമയത്ത് ഡെങ്കിപ്പനിക്കെതിരെയും കരുതൽ വേണം.വീടും പരിസരവും ശുചീകരിക്കുന്നതോടൊപ്പം കൊതുക് വളരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുകയും വേണമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.