കൊച്ചി: കടൽക്ഷോഭം, ചുഴലിക്കാറ്റ്, കൊവിഡ്, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മത്സ്യദൗർലഭ്യം, ലോക്ഡൗൺ, പിന്നാലെ എത്തുന്ന ട്രോളിംഗ് നിരോധനം.... മത്സ്യമേഖല പട്ടിണിയുടെ പടുകുഴിയിലേക്ക് വീഴുകയാണ്. കഴിഞ്ഞ മാസത്തിൽ വിരലില്ലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് കടലിൽ പോവാനായത്. മൂന്നാഴ്ച്ചയിലേറെയായി ചെറുവള്ളങ്ങൾ മുതൽ വലിയ ഇൻബോർഡ് വള്ളങ്ങൾ വരെ കടലിൽ പോകുന്നില്ല. ജൂൺ ഒമ്പത് മുതൽ 52 ദിവസം ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതോടെ ബോട്ടുകൾക്ക് വീണ്ടും കടലിലേക്ക് ഇറങ്ങാതെയാവും.
ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ പല മേഖലയിലും മീൻപിടിക്കാൻ പോവാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. ഒപ്പം ചുഴലിക്കാറ്റും കടൽക്ഷോഭവും കൂടിയെത്തിയതോടെ കടലിൽ പോവുന്നതിനും നിയന്ത്രണങ്ങൾ വന്നു. നിലവിൽ ജാഗ്രതാ നിർദ്ദേശം നിലനിക്കുന്നതിനാൽ കടലിൽ പോവാൻ സാധിക്കുന്നില്ല. ഇന്ധന ചെലവിലെ വർദ്ധനയും മീൻക്ഷാമവുമാണ് ഇവയെ പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടയിൽ കൊവിഡിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പേരിൽ 80 ദിവസത്തോളം കടലിൽ യാനങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.


സംസ്ഥാനത്ത് 39,000ത്തോളം യാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് സർക്കാർ കണക്ക്. നേരിട്ടും അല്ലാതെയും പണിയെടുക്കുന്നവരുടെ എണ്ണം പത്ത് ലക്ഷത്തിന് മേലെയാണ്. അന്യസംസ്ഥാന ബോട്ടുകളും യാനങ്ങളും തീരത്തുണ്ടെങ്കിലും ട്രോളിംഗ് ആയതോടെ ബോട്ടുകൾ തീരം വിട്ടു തുടങ്ങി. വിദേശ ട്രോളറുകളുടെ അടക്കം സാന്നിദ്ധ്യമാണ് പൊതുവെ മീനിന്റെ ദൗർലഭ്യത്തിന് കാരണമായി മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. ഒരുകാലത്ത് യഥേഷ്ടം ലഭിച്ചിരുന്ന അയല, മത്തി, നെത്തോലി പോലുള്ള സാധാരണക്കാരുടെ ഇഷ്ട മത്സ്യങ്ങൾ പലതും ഇപ്പോൾ കിട്ടാത്ത സ്ഥിതിയാണ്. മത്സ്യം കുറഞ്ഞതോടെ തൊഴിലാളികളുടെ വരുമാനവും കാര്യമായി കുറഞ്ഞു.

 1000 രൂപയും ധാന്യക്കിറ്റും

നിലവിലെ സാഹചര്യം പരിഗണിച്ച് ട്രോളിംഗ് നിരോധന കാലയളവ് ചുരുക്കണമെന്ന ആവശ്യവും ശക്തമാണ്. നിയന്ത്രണങ്ങൾ തുടർന്നാൽ ജീവിതം പ്രതിസന്ധിയിലാവുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആശങ്ക. വറുതിക്കാലത്ത് സർക്കാർ ധനസഹായമായി 1000 രൂപയും മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യധാന്യകിറ്റും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

 ധനസഹായം അപര്യാപ്തം:
നിലവിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം അപര്യാപ്തമാണ്. മത്സ്യവരൾച്ചാ പാക്കേജുമായി ബന്ധപ്പെട്ട 5000 രൂപയെങ്കിലും ധനസഹായം നൽകണമെന്നാവശ്യം രണ്ടു വർഷം മുമ്പ് തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്. കൂടാതെ ക്ഷേമനിധി അംഗങ്ങൾക്കെല്ലാം കിറ്റ് ഉറപ്പാക്കണം. ഇക്കാര്യം സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചാൾസ് ജോർജ്ജ്
പ്രസിഡന്റ്
മത്സ്യത്തൊഴിലാളി ഐക്യവേദി

 സംസ്ഥാനത്തുള്ളത് 39,000ത്തോളം യാനങ്ങൾ

 തൊഴിലാളികൾ 10 ലക്ഷത്തോളം