കൊച്ചി: എല്ലാം തകിടംമറിഞ്ഞ കാലത്ത് പ്രതീക്ഷയോടെ വരയുടെ ലോകത്ത് സജീവമാകുകയാണ് ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.എ.മണി. 58കാരനായ മണി 15 വയസു മുതലാണ് വരയുടെ ലോകത്തേക്ക് എത്തിയത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നാവടക്കൂ പണിയെടുക്കൂ എന്ന വാക്കുകളോടുള്ള പ്രതിഷേധ സൂചകമായി ഇന്ദിരാ ഗാന്ധി തൊഴിലാളികളുടെ നാവ് പിഴുതെടുക്കുന്ന ചിത്രമാണ് മണി വരച്ചതിൽ ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്.
ചിത്രകല പഠിച്ചിട്ടില്ലെങ്കിലും ചെറുപ്പത്തിലേ വരയുടെ ലോകത്ത് തന്നെയായിരുന്നു മണി. ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുള്ളത് പ്രശസ്ത ചിത്രകാരനായ സി.എൻ.കരുണാകരനെയും. സി.പി.എം പ്രവർത്തകനായതിനാൽ സ്ഥിരം മതിലെഴുത്തായിരുന്നു ആദ്യം. പിന്നീടാണ് വരയിലേക്ക് ശ്രദ്ധയൂന്നിയത്. അഞ്ചു കൊല്ലമായി ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കു വയ്ക്കാറുമുണ്ട്. ലോക്ക് ഡൗൺ കാലത്ത് കൂടുതൽ സജീവമായി. ആവശ്യപ്പെടുന്ന ചിലർക്ക് ചിത്രങ്ങൾ നൽകാറുണ്ട്. പ്രതിഫലം വാങ്ങാറില്ലെന്ന് മണി പറഞ്ഞു.
11 ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ച മണി നേപ്പാളിലും ബ്രസീലിലും നടന്ന ചിത്രപ്രദർശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഷാജി.എൻ.കരുൺ ഉൾപ്പടെ ചലച്ചിത്ര മേഖലയിലുള്ളവരും സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ മണ്ഡലങ്ങളിലുള്ളവരും ചിത്രങ്ങളെക്കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ട്. 2005- 2010 കാലത്ത് കോർപ്പറേഷൻ കൗൺസിലറും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന മണി ഇടപ്പളി രാഘവൻപിള്ള സാംസ്‌കാരിക സമിതി ചെയർമാൻ കൂടിയാണ്. പുഷ്പയാണ് ഭാര്യ. അശ്വിൻ, ആർദ്ര എന്നിവർ മക്കളും.