കൊച്ചി: ടൗട്ടേ ചുഴലിക്കാറ്റ് വിതച്ച കടൽക്ഷോഭത്തിന് പിന്നാലെ ചെല്ലാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയരുന്നു. ഇന്നലെ ജില്ലയിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ (120) റിപ്പോർട്ടു ചെയ്തത് ചെല്ലാനത്താണ്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചെല്ലാനം സ്വദേശികൾക്ക് മാത്രമായി പ്രത്യേക വാക്‌സിനേഷൻ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. തിങ്കളാഴ്ച മുതൽ പ്രത്യേക വാക്‌സിനേഷൻ സെഷൻ സംഘടിപ്പിക്കും. കടൽക്ഷോഭത്തെത്തുടർന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ട നാട്ടുകാർക്കിടയിൽ സമ്പർക്കം മൂലമുള്ള കൊവിഡ് വ്യാപനം ഉണ്ടായതാണ് ടി.പി. ആർ ഉയരാൻ കാരണമായത്. ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നഷ്ടമായതിനാൽ ഓൺലൈൻ രജിസ്‌ട്രേഷനും സാധിക്കാത്ത സാഹചര്യംകൂടി പരിഗണിച്ചാണ് പ്രത്യേക വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

അതേസമയം ജില്ലയിലെ പൊതുസ്ഥിതി ആശ്വാസത്തിന് വകനൽകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ പുതുതായി 2237 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 2303 പേർ രോഗ മുക്തരാവുകയും ചെയ്തു.