വൈപ്പിൻ: തീരസംരക്ഷണത്തിനും കടൽക്ഷോഭ പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി വൈപ്പിൻ കരയ്ക്ക് 28 കോടി രൂപയുടെ അനുമതി. കൊച്ചിയിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തെ തുടർന്നാണ് ധാരണ. ഗോശ്രീ ദ്വീപ വികസന അതോറിറ്റിയുടെ(ജിഡ) ഫണ്ടാണ് അടിയന്തരസാഹചര്യത്തിൽ വിനിയോഗിക്കുക. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എറണാകുളം ജില്ലയ്ക്ക് നേരത്തെ സർക്കാർ അനുവദിച്ച 16 കോടി രൂപയ്ക്ക് പുറമെയാണിതെന്ന് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു.

പ്രകൃതിക്ഷോഭത്തിന്റെയും കടലാക്രമണത്തിന്റെയും പരിപ്രേക്ഷ്യത്തിൽ വൈപ്പിൻ മണ്ഡലത്തിന്റെ പൊതുവും തീരമേഖലയുടെ പ്രത്യേകിച്ചുമുള്ള സമഗ്രചിത്രം എം.എൽ.എ, മന്ത്രിമാരായ പി.രാജീവ്, സജി ചെറിയാൻ ബോധ്യപ്പെടുത്തി ചർച്ചകൾക്കുശേഷം ധാരണയിയായി. ഈ മാസമുണ്ടായ കടൽക്ഷോഭത്തെത്തുടർന്ന് ഉടൻ തീരപ്രദേശങ്ങൾ സന്ദർശിച്ച് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ നിജസ്ഥിതി റിപ്പോർട്ടിലെ വിവരങ്ങളും മന്ത്രിമാരോട് വിശദീകരിച്ചു.

അടിയന്തര നിർമ്മാണപ്രവൃത്തികൾ കടലോരത്ത് തുടരുകയാണ്. കാലാവസ്ഥ അപ്രവചനീയമായ സാഹചര്യത്തിൽ ഏതുസമയത്തും കടലാക്രമണവും കെടുതികളും ഉണ്ടാകാവുന്ന നിലയുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭീതികൂടാതെ കഴിയുന്നതിനും അടിയന്തര നടപടികൾ വേണം. കടൽത്തീരവും സംരക്ഷിക്കപ്പെടണം. വിവിധ വകുപ്പുകളുടെ കാലതാമസം കൂടാതെയുള്ള ഇടപെടലിന് സർക്കാർ നേരത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കനുവദിച്ച തുകയിൽ നിന്ന് ഉടൻ വിഹിതം അനുവദിക്കണമെന്നും എം.എൽ.എ. അഭ്യർത്ഥിച്ചു.

കൂടുതൽ വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്ന വിപുലമായ യോഗം ചേർന്ന് കടലാക്രമണ പ്രതിരോധത്തിന് സുസ്ഥിര പദ്ധതികൾ ആവിഷ്‌കരിക്കാനും ചർച്ചയിൽ തീരുമാനമായി.