nambooriyachanail
നമ്പൂരിയച്ചൻ ആൽത്തറക്ഷേത്ര നിർമ്മാണം എ.ഡി.എം മുഹമ്മദ് റാഫി പരിശോധിക്കുന്നു

പറവൂർ: നമ്പൂരിയച്ചൻ ആൽക്ഷേത്രത്തിൽ നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കെതിയുള്ള പരാതിയിൽ എ.ഡി.എം മുഹമ്മദ് റാഫി സ്ഥലത്തെത്തി പരിശോധന നടത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്പൂരിയച്ചൻ ക്ഷേത്രത്തിലെ ആൽമരം കാലപ്പഴക്കത്താൽ ഏപ്രിൽ മൂന്നിന് കടപുഴകി മറിഞ്ഞിരുന്നു. ക്ഷേത്രത്തിന്റെ മേൽകൂരക്കും മറ്റും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് നമ്പൂരിയച്ചൻ ആൽത്തറ സംരക്ഷണ സേവാ സമിതിയുടെ നേതൃത്വത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി. പൊതുസ്ഥലം കൈയേറിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതായി ആരോപിച്ച് ജില്ലാ പഞ്ചായത്തംഗം എ.എസ്.അനിൽകുമാർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരനെ കൂടാതെ ആൽക്ഷേത്രം സംരക്ഷണ സേവാസമിതി ഭാരവാഹികൾ, നഗരസഭ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം കളക്ടർ വിളിച്ചിരുന്നു. എ.ഡി.എം സ്ഥലത്തെത്തി പരിശോധിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യണമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കളക്ടർ തുടർനടപടികൾ സ്വീകരിക്കുമെന്നായിരുന്നു യോഗത്തിൽ തിരുമാനിച്ചിരുന്നു. ഇതു പ്രകാരമാണ് എ.ഡി.എം സ്ഥലത്തെത്തി പരിശോധന നടത്തിയത്.

നഗരസഭക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തുടർനിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. പരാതിക്കാരാനായ എ.എസ്. അനിൽകുമാർ, നമ്പൂരിയച്ചൻ ആൽക്ഷേത്രം സേവാ സമിതി ഭാരവാഹികളായ എം.സി. സനൽകുമാർ, വി.എൻ. സന്തോഷ്കുമാർ, പ്രദേശവാസികൾ തുടങ്ങിയവരിൽ നിന്നും എ.ഡി.എം വിവരങ്ങൾ ശേഖരിച്ചു.

ഒരു നൂറ്റാണ്ടിലധികമായി നമ്പൂരിയച്ചൻ ആൽക്ഷേത്രത്തിൽ ആരാധന നടത്തുന്ന ഇവിടെ 1967ൽ പറവൂർ നഗരസഭയാണ് ആൽമരത്തിന് തറ നിർമ്മിച്ചത്. ആൽക്ഷേത്രത്തിനടുത്തുള്ള അഡ്വ. ഗോപാലമേനോന്റെ കുടുംബക്ഷേത്രമാണ്. രണ്ടര ഏക്കർ വരുന്ന കുടുംബസ്വത്ത് ഭാഗം ചെയ്തപ്പോൾ പന്ത്രണ്ട് സെന്റ് ഭൂമി ക്ഷേത്രത്തിനായി മാറ്റിവെച്ചിട്ടുള്ള രേഖകളും വികസനത്തിനായി സ്ഥലം സർക്കാർ ഏറ്രെടുത്തപ്പോൾ ആൽമരത്തിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്ന വ്യവസ്ഥയുള്ള രേഖകളും കൈമാറിയിട്ടുണ്ടെന്ന് സേവാ സമതി ഭാരവാഹികൾ പറഞ്ഞു. പറവൂർ തഹസിൽദാർ കെ. രേവ, ഭൂരേഖ തഹസിൽദാർ ജെഗി പോൾ, മുനമ്പം ഡി.വൈ.എസ്.പി. ബൈജുകുമാർ, ഇൻസ്പെക്ടർ മഞ്ജുലാൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു.