കൊച്ചി: സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എയുമായി ആറുപേർ പൊലീസ് പിടിയിൽ. ഇടപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസൽ (36), വയനാട് സ്വദേശികളായ ഷിബു (39), നസീഫ് (34), റെനീസ് (36), ഷെമീർ(39), ഫജിനാസ് (31) എന്നിവരാണ് അറസ്റ്റിലായത്. ഇൻഫോപാർക്കിലുള്ള ആഡംബരഹോട്ടലിൽ താമസിച്ച് എം.ഡി.എം.എ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. കൊച്ചി സിറ്റി നാർകോട്ടിക് സെൽ എ.സി.പി. കെ.എ. തോമസിന്റെ നേതൃത്വത്തിൽ ഡാർസാഫ്, ഇൻഫോപാർക്ക് പൊലീസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വയനാട് സ്വദേശിയായ ഒരാളിൽ നിന്നാണ് എം.ഡി.എം.എ ലഭിച്ചതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.