ആലുവ: നിയമസഭയിൽ തുടർച്ചയായി മൂന്നാം ടേമിലേക്ക് കടന്ന അൻവർ സാദത്ത് എം.എൽ.എയുടെ സ്വപ്ന പദ്ധതികളിലൊന്നാണ് ആലുവ മാർക്കറ്റ് റോഡ് വികസനം. കാരോത്തുകുഴി മുതൽ കപ്പേളവരെയും തുടർന്ന് ദേശീയപാതയുടെ സമാന്തര റോഡ് വരെയും ഭൂമി ഏറ്റെടുത്ത് വികസിപ്പിക്കുന്നതാണ് പദ്ധതി.
2021-22 സംസ്ഥാന ബഡ്ജറ്റിൽ മാർക്കറ്റ് റോഡ് വികസനം പ്രാഥമികമായി ഉൾപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് എം.എൽ.എയുടെ നിർദ്ദേശപ്രകാരം പി.ഡബ്‌ളിയു.ഡി ഒമ്പത് കോടി രൂപയുടെ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. 300 മീറ്റർ റോഡ് വികസനത്തിനായി 25 സെന്റ് സ്ഥലം ഏറ്റെടുക്കണം. നിലവിലുള്ള റോഡിന്റെ വീതി ആറ് മുതൽ ഏഴ് മീറ്ററാണ്. ഇത് 12 മീറ്ററാക്കി ഉയർത്തണം. നിരവധി കച്ചവട സ്ഥാപനങ്ങളും വീടുകളും ഒഴിപ്പിക്കണം. ഏറ്റെടുക്കേണ്ടിവരുന്ന ഭൂമിക്ക് മാത്രം അഞ്ചര കോടിയോളം രൂപ വേണം. മെട്രോ റെയിൽ കടന്നുപോകുന്ന മാർക്കറ്റ് ഭാഗമാണിത്. നേരത്തെ മെട്രോ നിർമ്മാണത്തിനായി ഇവിടെ സ്ഥലം ഏറ്റെടുത്തപ്പോൾ 22 ലക്ഷം രൂപ വരെ ഭൂവുടമകൾക്ക് ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം അൻവർ സാദത്ത് എം.എൽ.എ പി.ഡബ്‌ളിയു.ഡി മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകിയിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിൽ അൻവർ സാദത്ത് നൽകുന്ന ആദ്യ നിവേദനമാണിത്. ധനമന്ത്രി കെ.എൻ. ബാലഗോപാലിനെയും സന്ദർശിച്ചിരുന്നു. പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയാൽ പി.ഡബ്‌ളിയു.ഡിയോ സർക്കാർ ഏജൻസികളോ ഇൻവെസ്റ്റിഗേഷൻ നടത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് സാങ്കേതിക ഭരണാനുമതി ലഭിച്ചാൽ പദ്ധതി യാഥാർത്ഥ്യമാകും. സർക്കാർ അനുമതി ലഭിച്ചാൽ ആറ് മാസത്തിനകം പദ്ധതി പൂർത്തിയാക്കാം.
വ്യാപാരികൾക്ക് എതിർപ്പ്
ആലുവയിലെ പ്രധാന വ്യാപാര കേന്ദ്രമാണിത്. അരി ഉൾപ്പെടെയുള്ള പലചരക്കുകളുടെ പ്രധാന വ്യാപാരികൾ ഇവിടെയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലാണ് നിത്യേന ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം. കെട്ടിടം പണിയാൻ സാമ്പത്തികമല്ല പ്രശ്‌നം. കച്ചവടം തടസപ്പെടുന്നതിനാലാണ്. ഈ സാഹചര്യത്തിൽ ഒഴിപ്പിക്കൽ വലിയ പ്രശ്‌നമാകും. കാൽ നൂറ്റാണ്ട് മുമ്പ് മസ്ജിദ് റോഡ് നവീകരിച്ചപ്പോൾ മാർക്കറ്റ് റോഡും നവീകരിക്കണമെന്ന ആവശ്യമുയർന്നതാണ്. വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് നടന്നില്ല. റോഡ് വികസനത്തിനായി കപ്പേള നീക്കാൻ പള്ളി അധികൃതർക്ക് സമ്മതമാണ്.
തിരഞ്ഞെടുപ്പുകാലത്ത് പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിലൊന്നാണ് പദ്ധതി. നഗരസഭ, പൊലീസ്, വ്യാപാരികൾ എന്നിവരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും വികസനം സംബന്ധിച്ച അന്തിമ രൂപം തയ്യാറാക്കുകയുള്ളു
അൻവർ സാദത്ത് എം.എൽ.എ