കൊച്ചി: കൊവിഡ് ചികിത്സയ്ക്കായി കൊച്ചി കോർപ്പറേഷൻ സജ്ജമാക്കിയ 102 ഓക്‌സിജൻ കിടക്കകളുള്ള ആശുപത്രിയുടെ പ്രവർത്തനം തിങ്കളാഴ്ച ആരംഭിക്കും. കൊച്ചിൻ പോർട്ട്ട്രസ്റ്റുമായി സഹകരിച്ച് പോർട്ടിന്റെ ഉടമസ്ഥതയിൽ വെല്ലിംഗ്ടൺ ഐലന്റിലുള്ള സാമുദ്രിക ഹാളിലാണ് ഓക്‌സിജൻ ബെഡുകൾ.
കോർപ്പറേഷൻ, ജില്ലാ ഭരണകൂടം, ദേശീയ നഗരാരോഗ്യ ദൗത്യം എന്നിവ ചേർന്നാണ് ആശുപത്രിയ്ക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത്. രാജ്യത്താദ്യമായാണ് ഒരു തദ്ദേശസ്ഥാപനം ഓക്‌സിജൻ ബെഡുകളുള്ള ആശുപത്രി സജ്ജമാക്കുന്നത്.
കോർപ്പറേഷന്റെ നേതൃത്വത്തിൽ മട്ടാഞ്ചേരി ടൗൺഹാൾ (64 ബെഡ്), ഇടക്കൊച്ചി പണ്ഡിറ്റ്കറുപ്പൻ ഹാൾ (64 ബെഡ്), കലൂർ അനുഗ്രഹ ഹാൾ (120 ബെഡ്) എന്നിവിടങ്ങളിൽ എഫ്.എൽ.ടി.സികൾ പ്രവർത്തിക്കുന്നുണ്ട്. കച്ചേരിപ്പടിയിൽ 40 ബെഡുകളുള്ള ഡി.സി.സിയും പ്രവർത്തിക്കുന്നുണ്ട്. മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാനുള്ള സംവിധാനങ്ങളും എല്ലായിടത്തും ഒരുക്കിയിട്ടുണ്ട്.
കൺട്രാേൾ റൂം വഴിയാണ് രോഗികൾക്ക് ചികിത്സാ കേന്ദ്രത്തിലേക്ക് അഡ്മിഷൻ നൽകുന്നത്. കൺട്രോൾ റൂം നമ്പർ: 9495728516, 9495728416
കൺട്രോൾ റൂമിലും തിരക്ക്
എറണാകുളം ടൗൺഹാളിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൊവിഡ് കൺട്രോൾ റൂമിലേക്ക് പ്രതിദിനം 50 മുതൽ 60 വരെ വിളികളെത്തുന്നുണ്ട്. കൊവിഡ്ബാധിതരായ രോഗികളെ ആശുപത്രിയിലെത്തിക്കാൻ നഴ്‌സുമാരുടെ സേവനം ആവശ്യപ്പെട്ടാണ് കൂടുതൽ വിളികൾ. ബെഡുകളുടെ ഒഴിവറിയാനും ആന്റിജൻ പരിശോധനയ്ക്ക് പോകാനുള്ള വാഹനസൗകര്യം ലഭ്യമാണോയെന്നറിയാനും ഡോക്ടർമാരുടെ ടെലിമെഡിസിൻ സേവനങ്ങൾക്കും വിളിക്കുന്നവരുണ്ട്. രണ്ട് മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ സേവനവും ഇവിടെ ലഭ്യമാണ്.
 24 മണിക്കൂർ ഓട്ടോ ആംബുലൻസ് സർവീസ്
കൊവിഡ്ബാധിതർക്ക് അടിയന്തര സഹായമെത്തിക്കാനായി കോർപ്പറേഷൻ, എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണസംഘത്തിന്റെ സഹകരണത്തോടെ ആരംഭിച്ച ഓട്ടോ ആംബുലൻസ് പദ്ധതിക്ക് മികച്ച പ്രതികരണമാണ് ജനങ്ങളിൽനിന്ന് ലഭിക്കുന്നത്. പരിശീലനം ലഭിച്ച 18 ഓട്ടോഡ്രൈവർമാരാണ് 24 മണിക്കൂർ പ്രവർത്തിക്കുന്ന ഓട്ടോ ആംബുലൻസിന്റെ സാരഥിമാർ. രോഗികളെ ആശുപത്രികളിലെത്തിക്കാനും മരുന്നും ഭക്ഷണവും രോഗികൾക്കെത്തിക്കാനും ഇവർ മുന്നിലുണ്ട്.കൊവിഡ് പ്രതിരോധത്തിനാവശ്യമായ മരുന്നുകളും ഉപകരണങ്ങളുമായാണ് ഓട്ടോ ആംബുലൻസ് സർവീസ്.
 ഹോമിയോ പ്രതിരോധ മരുന്ന് വിതരണം രണ്ടാംഘട്ടം
34 ഹോമിയോ ആശുപത്രികളും അഞ്ച് മൊബൈൽ യൂണിറ്റുകളും വഴി ഒന്നരലക്ഷത്തോളം ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തിരുന്നു. ഒന്നരലക്ഷം മരുന്ന് ഉടനെത്തും
ടി.കെ.അഷ്‌റഫ്
കോർപ്പറേഷൻ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
 കേന്ദ്രം കൊച്ചി തുറമുഖത്ത്
 നാളെ പ്രവർത്തനമാരംഭിക്കും
 102 ഓക്‌സിജൻ കിടക്കകൾ