പറവൂർ: കരുമാല്ലൂർ പഞ്ചായത്തിനെ തീരദേശപരിപാലന നിയമത്തിൽ നിന്ന് ഒഴിവാക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. താലൂക്കിൽ നിന്ന് അശാസ്ത്രീയമായി കൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്നൂറ് മീറ്റർ വീതിയിൽ ഒഴുകുന്ന പെരിയാറിന്റെ പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിഡ്ജ് മുതൽ മാട്ടുപുറം വരെയും തീരദേശ പരിപാലന നിയമത്തിൽ ഉൾപ്പെടുത്തിയത്. പതിനൊന്ന് മീറ്റർ ശരാശരി വീതിയുള്ള തത്തപ്പിള്ളി - ആനച്ചാൽതോടും തീരദേശ പരിപാലന നിയമത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അങ്കമാലി തോടും ചാലക്കുടിയാറും പെരിയാറുമായി സംഗമിക്കുന്ന പ്രദേശമാണ് കരുമാല്ലൂർ. ഇവിടെ തീരദേശപരിപാലന നിയമത്തിനുകീഴിൽ വരുമ്പോൾ ഒന്നുമുതൽ ആറുവരെയും 18 മുതൽ 20 വരെയുമുള്ള പത്ത് വർഡുകളിൽ പുതിയനിർമ്മാണ പ്രവർത്തനങ്ങളും നിലവിലുള്ള വീടുകൾ പുതുക്കിപ്പണിയലും തടസപ്പെടാൻ സാദ്ധ്യതയുണ്ട്. പഞ്ചായത്ത് പ്രദേശം പൂർണമായും തീരദേശ പരിപാലന നിയമത്തിൽനിന്ന് ഒഴിവാക്കണമെന്ന് കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.എം. അലിയും അംഗങ്ങളായ കെ.എ. ജോസഫ്, ബീനാ ബാബു, സൂസൻ വർഗീസ്, നദീറാ ബീരാൻ, കെ.എം. ലൈജു, ടി.എ. മുജീബ്, ജി.വി. പോൾസൺ, ഇ.എം. അബ്ദുൾ സലാം എന്നിവർ റവന്യൂ മന്ത്രിയോടും ജില്ലാ കളക്റ്ററോടും ആവശ്യപ്പെട്ടു.