കൊച്ചി: അംബ്രയോസിന്റെ 'കൊയ്ലോ' ഒരു ഓട്ടോറിക്ഷ മാത്രമല്ല, അറുപതുകളിലെ നിത്യഹരിത സിനിമാപാട്ടുകളും ഗാനശില്പികളുടെ ചിത്രങ്ങളും കോർത്തിണിക്കിയ സംഗീതമ്യൂസിയം കൂടിയാണ്.
മുൻകാബിനിൽ യാത്രക്കാർക്ക് അഭിമുഖമായി യേശുദാസും അമിതാഭ് ബച്ചനുമുണ്ട്. പിന്നിൽ മലയാളം, ഹിന്ദി, തമിഴ് ചലച്ചിത്ര പിന്നണി ഗായകരും ഗാനരചയിതാക്കളും സംഗീത സംവിധായകരുമൊക്കെയായി അറിയപ്പെടുന്ന നൂറോളം കലാകാരന്മാരുടെ ചിത്രങ്ങൾ വേറെയും.
പഴയകാല സിനിമാപാട്ടുകൾ നെഞ്ചിലേറ്റി നടക്കുന്ന അംബ്രയോസ് 14 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് കൊച്ചി നഗരത്തിൽ ഓട്ടോക്കാരനായത്. ആദ്യമൊക്കെ വാഹനം വാടകയ്ക്കെടുത്ത് ഓടിക്കുകയായിരുന്നു. അന്നൊക്കെ മനസിൽ താലോലിച്ച മോഹമാണ് സ്വന്തമായൊരു വണ്ടിവാങ്ങുമ്പോൾ പാട്ടുകൊട്ടാരമാക്കണമെന്നത്. പിന്നീട് ബാങ്ക് വായ്പയെടുത്ത് ഓട്ടോ സ്വന്തമാക്കിയപ്പോൾ അതിൽ വിലകൂടിയ സ്റ്റീരിയോസെറ്റ് ഘടിപ്പിച്ച് വയലാർ, ഒ.എൻ.വി, ദേവരാജൻ, ശ്രീകുമാരൻ തമ്പി, എം.കെ. അർജുനൻ, യേശുദാസ് കൂട്ടുകെട്ടുകളിൽ പിറന്ന നിത്യഹരിത ഗാനങ്ങളുടെ അലമുറിയാത്ത പ്രവാഹമൊരുക്കി. ആ കൂട്ടത്തിലാണ് സംഗീതലോകത്തെ അറിയപ്പെടുന്ന കുലപതികളുടെ ചിത്രങ്ങളും ശേഖരിച്ചത്. ആംഗ്ളോ ഇന്ത്യനായ പിതാവ് സിറിൽ കൊയ്ലോയുടെ സ്മരണയ്ക്ക് കൊയ്ലോ എന്നുപേരിട്ട ഓട്ടോ നിരത്തിലിറങ്ങിയിട്ട് അഞ്ചുവർഷമായി . പരിചയക്കാർ ഈ വാഹനം കാത്തുനിൽക്കുമായിരുന്നു. കഥയറിയാതെ സവാരിചെയ്യുന്ന അപരിചിതർ യാത്രാവസാനം കൂലിക്കുപുറമെ സംഗീതവിരുന്നിന് നന്ദിയും പറഞ്ഞിട്ടുണ്ട്.
പഴയകാല മലയാളം സിനിമാ പാട്ടുകൾക്ക് സംഘർഷഭരിതമായ മനുഷ്യമനസുകളെ ശാന്തമാക്കാൻ ശേഷിയുണ്ടെന്നാണ് അംബ്രയോസിന്റെ വാദം. കടവും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതത്തിൽ മനസിന് ഭാരംകൂടുമ്പോൾ വയലാറിന്റെ ഇന്ദ്രജാലം കേട്ടാൽ മതിയത്രേ. പഴയപാട്ടുകൾ കേൾക്കുക മാത്രമല്ല ഭാവസാന്ദ്രമായി ആലപിക്കാനും അംബ്രയോസിന് അറിയാം. കടവന്ത്ര ഗാന്ധിനഗറിലാണ് കൊയ്ലോയുടെ താവളം. ഇവിടെ ആകെ 40 ഓട്ടോറിക്ഷകളുണ്ട്. നിലവിൽ കൊവിഡ് ലോക്ക്ഡൗൺ കാരണം പല വണ്ടികളും സ്റ്റാൻഡിൽ വരാറില്ല. സമീപത്തെ റേഷൻകടയുമായി ബന്ധപ്പെട്ട ചെറിയ ഓട്ടങ്ങൾ ഉള്ളതിനാൽ മൂന്നുനാല് വാഹനങ്ങൾ ഉണ്ടാകും. അതിൽ ഒന്നാണ് കൊയ്ലോ. ഓട്ടമില്ലാതെ വിഷമിച്ചിരിക്കുമ്പോൾ അംബ്രയോസിന്റെ ഈ പാട്ടുപെട്ടിയാണ് സ്റ്റാൻഡിലെ കൂട്ടുകാർക്കും ആശ്വാസം.