അങ്കമാലി: നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കൊവിഡ് വാക്‌സിൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് റോജി എം. ജോൺ എം.എൽ.എ ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. മലയോര പഞ്ചായത്തുകളിൽ ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്ത മേഖലകളിൽ പലർക്കും വാക്‌സിൻ ലഭിക്കുവാനായി ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതു മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ജില്ലക്ക് പുറത്തു നിന്നുള്ള ആളുകൾ പോലും അങ്കമാലിയിലുള്ള ആശുപത്രികളിൽ വന്ന് വാക്‌സിൻ സ്വീകരിക്കുമ്പോൾ പ്രദേശവാസികൾക്ക് ഇത് ലഭിക്കാതെ പോകുന്നു. ആദ്യ ഡോസ് വാക്‌സിൻ എടുത്തവർക്ക് രണ്ടാം ഡോസിനായി ശ്രമിക്കുമ്പോൾ ലഭിക്കാതെ വരുന്നു. രണ്ടാം ഡോസിന്റെ സമയം അതിക്രമിക്കുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.