തൃക്കാക്കര: മഴക്കെടുതി നേരിടാൻ സജ്ജമായി ജില്ല. ഈ വർഷം കൂടുതൽ മഴ ലഭിക്കാൻ സാദ്ധ്യത മുന്നിൽക്കണ്ടാണ് ജില്ലാ കളക്ടർ എസ്.സുഹാസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. പ്രളയ സാദ്ധ്യതാ മേഖലകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സുരക്ഷിത മേഖലകളിലേക്ക് മാറ്റുന്നതിനുമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം മേഖലകളിലുള്ളവർക്ക് സുരക്ഷിതമായ ബന്ധുവീടുകളിലേക്ക് പോകുന്നതിന് നിർദേശം നൽകും. ഒരോ തദ്ദേശ സ്ഥാപനങ്ങളിലും ദുരിതാശ്വാസകേന്ദ്രങ്ങൾ തുറക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. ആർ.ടി.ഒയുടെ നേതൃത്വത്തിൽ ടോറസ്, ട്രക്ക് , മിനി ബസ് തുടങ്ങിയ വാഹനങ്ങളുടെ ഡാറ്റാ ബേസ് തയാറാക്കിയിട്ടുണ്ട്. അവശ്യ ഘട്ടത്തിൽ ഇത് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ലഭ്യത സംബന്ധിച്ച വിശദാംശങ്ങൾ താലൂക്ക് തല കൺട്രോൾ റൂമുമായി ബന്ധിപ്പിക്കാനും തീരുമാനമായി.

കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ ക്യാമ്പുകൾ തുടങ്ങുന്നതിനുള്ള നടപടി ആരംഭിച്ചതായി മേയർ അഡ്വ. എം. അനിൽകുമാർ അറിയിച്ചു.

 രണ്ട് തരം ദുരിതാശ്വാസ ക്യാമ്പുകൾ

രണ്ട് തരം ദുരിതാശ്വാസ ക്യാമ്പുകളായിരിക്കും ഉണ്ടായിരിക്കുക. ആദ്യത്തേത് കൊവിഡ് രോഗികൾ അല്ലാത്തവർക്ക് വേണ്ടിയും രണ്ടാമത്തേത് ഹോം ക്വാറന്റെനിൽ ഉള്ളവർക്കും ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർക്കും വേണ്ടി. കൊവിഡ് പൊസിറ്റീവ് ആകുന്നവരെ എഫ് എൽ ടി സി , ഡി.സി.സി പോലുള്ള കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും.