കളമശേരി: ഏലൂർ നഗരസഭയെ CRZ പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന് കേരള സർക്കാരിനോടും തീരദേശ പരിപാലന അതോറിറ്റിയോടും അടിയന്തരമായി കൂടിയ നഗരസഭാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കേരള തീരദേശ പരിപാലന അതോറിറ്റിയുടെ 2019ലെ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച നടന്നത്. പാറക്കൽകടവ് മുതൽ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് വരെ പെരിയാറിനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങൾ വേലിയേറ്റ രേഖയിൽ നിന്നും 20.മീ. വീതിയിലുള്ളതും 4.42 കി.മീ. നീളമുള്ള ഭാഗം ബാക്ക് വാട്ടർ ഐലന്റ് എന്ന CRZ കാറ്റഗറിയിലാണ് പെടുത്തിയിട്ടുള്ളത്. ഈ നിയമപ്രകാരം നിലവിലുള്ള വാസഗൃഹങ്ങൾക്ക് അതേ അളവിലുള്ള പുനർനിർമ്മാണം മാത്രമേ സാദ്ധ്യമാകൂ. പുതിയ നിർമ്മാണം പാടില്ല എന്നുള്ളത് വ്യവസായ മേഖലയിലെ സാധാരണ ജനങ്ങൾക്ക് വീട് വയ്ക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. വികസന പ്രവർത്തനങ്ങൾക്കും തടസ്സമായിരിക്കുമെന്നാണ് നഗരസഭാധികൃതർ ചൂണ്ടിക്കാട്ടുന്നത്. നഗരസഭയിൽ ആകെ 1.5 ഹെക്ടർ പ്രദേശമാണ് ഇത്തരത്തിലുള്ളത്. വേലിയേറ്റ രേഖയിൽ നിന്നും 100 മീ. വീതി പരിധിയിൽ നിർമ്മാണം നടത്തണമെങ്കിൽ കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതി വേണം. പുതിയ നോട്ടിഫിക്കേഷൻ പ്രകാരം 100 മീ. പരിധി 20. മീറ്ററായി കുറച്ചു. ആ ർ.ടി.പി.യെ കൂടി വിവരമറിയിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.