ആലുവ: ആലുവ നഗരസഭയെയും കീഴ്മാട് ഗ്രാമപഞ്ചായത്തും അതിർത്തി പങ്കിടുന്ന ടൗൺഷിപ്പ് റോഡിൽ അപകടക്കെണി. എസ്.പി ഓഫീസിനോട് ചേർന്നുള്ള നേതാജി റോഡിൽ ഒരു കിലോമീറ്റർ കഴിഞ്ഞാൽ ടൗൺഷിപ്പ് റോഡാണ്. കുത്തനെയുള്ള ഇറക്കവും ഇരുവശവും സംരക്ഷണ ഭിത്തിയില്ലാത്തതും അപകടത്തിന് കാരണമാകുന്നു.
പാടശേഖരത്തിന് നടുവിലൂടെ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച റോഡാണിത്. ഉയർന്ന ഭൂനിരപ്പിലുള്ള നഗരസഭ പ്രദേശത്തേക്ക് പാടശേഖരത്തിലൂടെ മണ്ണടിച്ചാണ് റോഡ് ഉണ്ടാക്കിയത്. ഇതേതുടർന്നാണ് ഇവിടെ കുത്തനെയുള്ള കയറ്റവും വളവും ഉണ്ടായി. ഇരുവശവും പത്തടിയിലേറെ ആഴമുണ്ട്. നേരത്തെ ഇവിടെ ഒരു കുളം കൂടി ഉണ്ടായിരുന്നെങ്കിലും സമൂഹ്യവിരുദ്ധർ മാലിന്യം നിറച്ചിരിക്കുകയാണ്. ഇപ്പോൾ പാടശേഖരത്തിന്റെ അതേനിരപ്പിൽ മാലിന്യവും പുല്ലുകളും വളർന്നുകഴിഞ്ഞു.
ഒരിക്കൽ ഒരു ഇരുചക്ര വാഹന യാത്രികൻ നിയന്ത്രണം വിട്ട് കുളത്തിൽ വീണെങ്കിലും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം നഗരസഭയുടെ മാലിന്യം തള്ളാനെത്തിയ ലോറി ചതുപ്പിൽ പുതഞ്ഞ് മറിഞ്ഞതും ഇവിടെയാണ്. നഗരസഭ പരിധിയിലുള്ള സ്ഥലത്താണ് ഉടമയുടെ അനുമതിയോടെ മാലിന്യം തള്ളിയതെന്നാണ് നഗരസഭ അവകാശപ്പെട്ടത്. അങ്ങനെയെങ്കിൽ സംരക്ഷണ ഭിത്തി നിർമ്മിക്കേണ്ടതിന്റെ ഉത്തരവാദിത്വവും നഗരസഭക്കാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുവശത്തും ഏകദേശം 25 മീറ്റർ വീതിയിൽ സംരക്ഷണ സംവിധാനം ഏർപ്പെടുത്തമമെന്നാണ് നാട്ടുകാരുടെ ആവശ്യം.
താത്കാലിക സംരക്ഷണ ഭിത്തി ഒരുക്കി നാട്ടുകാർ
എളുപ്പത്തിൽ ആലുവ നഗരത്തിലേക്ക് എത്താമെന്നതിനാൽ എടയപ്പുറം, കീഴ്മാട് മേഖലയിലുള്ളവർ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. കൂടുതൽ അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ പഴയ കോൺക്രീറ്റ് ഇലക്ട്രിക് പോസ്റ്റ് വച്ച് താത്കാലിക സംരക്ഷണ ഭിത്തി ഒരുക്കിയിരിക്കുകയാണ് നാട്ടുകാർ.