കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലാസ്​റ്റിക് മാലിന്യം ശേഖരിച്ചു.നേരത്തെ പഞ്ചായത്തിൽ ഹരിതകർമ്മസേനയുടെ നേതൃത്വത്തിലായിരുന്നു പ്ലാസ്​റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ചിരുന്നത്. ഹരിത കർമ്മസേനയുടെ പ്രവർത്തനം നിലച്ചതോടെ, പഞ്ചായത്ത് പ്ലാസ്​റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് മുന്നിട്ടിറങ്ങുകയായിരുന്നു. എല്ലാ വാർഡുകളിലേയും ആളുകൾ ശേഖരിച്ച മാലിന്യങ്ങളാണ് പഞ്ചായത്ത് ഏ​റ്റുവാങ്ങിയത്. അടുത്ത മാസം മുതൽ പഞ്ചായത്ത് ഹരിത കർമ്മസേന രൂപീകരിച്ച് ഈ പ്രവർത്തനങ്ങൾ തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് അറിയിച്ചു.