പിറവം: നിയോജകമണ്ഡലത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച് അനൂപ് ജേക്കബ് എം.എൽ.എ അതത് വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തി.
പിറവത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി എക്‌സൈസ് കടവിൽ പാലം നിർമ്മിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. തിരുവാങ്കുളം ബൈപാസ് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ഒരു യോഗം വിളിക്കാമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.നിയോജകമണ്ഡലത്തിലെ കാർഷിക മേഖലയ്ക്ക് കൂടുതൽ പരിഗണന ലഭിയ്ക്കണമെന്ന് കൃഷി വകുപ്പ് മന്ത്രിയോട് എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പുതിയ പദ്ധതികളെ കുറിച്ചും കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കണമെന്നും ജല വിഭവ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.വിവിധ ആശുപത്രികൾക്ക് കെട്ടിടങ്ങൾ പണിയുന്നതിനും വിവിധ തസ്തികകൾ സൃഷ്ടിക്കുന്നതിനു മുള്ള നടപടികൾ സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് എം.എൽ.എ നിവേദനം നൽകി.