വൈപ്പിൻ: നായരമ്പലം വെളിയത്താംപറമ്പ്, എടവനക്കാട്, അണിയൽ കടപ്പുറങ്ങളിലെ സ്ഥിതി ആശങ്കാജനകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.കടപ്പുറത്തെ ജനങ്ങൾ ഭീതിയിലാണ്. സുനാമിക്ക് ശേഷമുണ്ടായ സ്ഥിതി വിശേഷമാണ് ഇടക്കിടെ കടൽക്ഷോഭമുണ്ടാകുന്നത്. മുൻപ് മൺസൂൺ കാലത്ത് മാത്രമായിരുന്ന കടൽ ക്ഷോഭം ഇപ്പോൾ ഇടക്കിടെ ഉണ്ടാകുന്നുണ്ട്. കടപ്പുറത്തെ ദയനീയസ്ഥിതി നിയമസഭയിൽ ഉന്നയിക്കുമെന്നും ബഡ്ജറ്റിൽ തുക വകയിരുത്തുവാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഡയിൽ നിന്ന്19 കോടി രൂപ വകയിരുത്തിയെന്ന് സ്ഥലം എം. എൽ.എ പറഞ്ഞത് ശരിയല്ല. ഇല്ലാത്ത ജിഡയിൽ നിന്ന് എങ്ങനെയാണ് പണം ലഭിക്കുന്നത്.
എടവനക്കാട്, നായരമ്പലം കടപ്പുറങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഹൈബി ഈഡൻ എം.പി, ദീപക് ജോയ്, കെ.ജി. ഡോണോ എന്നിവർ ഒപ്പമുണ്ടായിരുന്നു.