വൈപ്പിൻ: കണ്ടെയ്‌മെന്റ് സോൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മുനമ്പം മാതൃക ഹാർബർ, മിനി ഹാർബർ എന്നിവ ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് വീണ്ടും തുറന്നു. പൊലീസ് നിയന്ത്രണത്തോടെയായിരിക്കും ഹാർബർ പ്രവർത്തിക്കുക. സി.സി.ടി.വി കാമറകൾ ഉപയോഗിച്ച് 24 മണിക്കൂറും പൊലീസ് ഹാർബർ നിരീക്ഷിക്കും. എറണാകുളം റേഞ്ച് ഐ.ജി.കാളിരാജ് മഹേഷ് കുമാർ, അഡീഷണൽ എസ്.പി. മധുസൂദനൻ, മുനമ്പം ഡി.വൈ.എസ്.പി ബൈജുകുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സാബു, മുനമ്പം എസ്.എച്ച്. ഒ.കെ.എസ് സന്ദീപ് എന്നിവരടങ്ങിയ പൊലീസ് സംഘം മുനമ്പം ഹാർബറുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ഹാർബറുകളിലേക്കുള്ള പ്രവേശനത്തിന് പാസും, ആന്റിജൻ ടെസ്റ്റിന്റെ ലാബ് റിപ്പോർട്ടും ഹാജരാക്കണം. ഓരോ വിഭാഗം തൊഴിലാളികളും അവരവരുടെ പ്രവർത്തനമേഖലയിൽ മാത്രമായി സഞ്ചാരം നിയന്ത്രിക്കണം. വാഹനങ്ങൾ പ്രവേശിക്കും മുൻപ് സാനിറ്റൈസ് ചെയ്യും. കാലി വാഹനങ്ങൾ ഹാർബറിൽ പാർക്ക് ചെയ്യാൻ പാടില്ല. ഇതര സംസ്ഥാനങ്ങളിൽ പോയി വരുന്ന വാഹനങ്ങളിലെ തൊഴിലാളികൾ കാമ്പിന് പുറത്തേക്ക് ഇറങ്ങാൻ പാടില്ല. അനാവശ്യമായി ചുറ്റി കറങ്ങുന്നവരുടെ പാസ് റദ്ദാക്കും.