sureshbabu
എക്സൈസ് ജോ. കമ്മി​ഷണർ സുരേഷ് ബാബു

കൊച്ചി: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന മദ്ധ്യമേഖലയുടെ ചുമതലയുള്ള ജോയിന്റ് എക്സൈസ് കമ്മീഷണർ കെ. സുരേഷ്ബാബു നാളെ (തിങ്കൾ) സർവീസിൽനിന്ന് വിരമിക്കും. എക്സൈസ് ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ട ഉൾപ്പെടെ നിരവധി റെയ്ഡുകൾക്ക് നേതൃത്വപരമായ ചുമതല നിർവഹിച്ചിട്ടുള്ള ഇദ്ദേഹം പതിനായിരങ്ങളെ മദ്യം- മയക്കുമരുന്ന് ഉപയോഗത്തിൽനിന്ന് മോചിപ്പിക്കാനായി നിരവധി ബോധവത്കരണ പരിപാടികളും നടത്താനായെന്ന ചാരിതാർത്ഥ്യത്തോടെയുമാണ് 31 വർഷത്തെ സ്തുത്യർഹസേവനം പൂർത്തിയാക്കുന്നത്.

മദ്ധ്യമേഖലയിലെ മയക്കുമരുന്ന് മാഫിയാപ്രവർത്തനങ്ങൾക്ക് തടയിടുന്നതിലും ജോ. കമ്മീഷണർ എന്ന നിലയിലും മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. സായുധരും സംഘടിതരുമായ കുറ്റവാളികളെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് നേരിട്ടത്. സിവിൽ എക്സൈസ് ഓഫീസർമാർവരെയുള്ള മുഴുവൻ സേനാംഗങ്ങളോടും പ്രത്യേകകരുതലും സ്നേഹവും കാത്തുസൂക്ഷിക്കുമ്പോഴും കൃത്യനിർവഹണത്തിൽ നിർബന്ധബുദ്ധിയുള്ളയാളാണ് ഇദ്ദേഹം.

സംസ്ഥാനസർക്കാർ നടപ്പിലാക്കിയ 100 ദിവസത്തെ ലഹരിവിരുദ്ധ കാമ്പയിനായ വിമുക്തി ബോധവത്കരണ പരിപാടികൾ മദ്ധ്യമേഖലയിൽ വൻവിജയമാക്കിയതും 4 ജില്ലകളിലെയും ഡി- അഡിക്ഷൻ സെന്ററുകളുടെയും എറണാകുളത്തെ കൗൺസലിംഗ് സെന്ററിന്റെയും പ്രവർത്തനം നല്ലനിലയിൽ നടപ്പിലാക്കിയതും സുപ്രധാന നാഴികക്കല്ലുകളാണ്.

1990ൽ പൊലീസ് കോൺസ്റ്റബിളായാണ് ഔദ്യോഗികജീവിതം അരംഭിച്ചത്. 93ൽ എക്സൈസ് ഇൻസ്പെക്ടർ ആയി നിയമനംലഭിച്ചു. ദീർഘകാലം എക്സൈസ് കമ്മീഷണറേറ്റിൽ ഇൻസ്പെക്ടർ, സൂപ്രണ്ട്, അസി.എക്സൈസ് കമ്മീഷണർ (അബ്കാരി), ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ (അബ്കാരി) എന്നീ നിലകളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അസി.എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്‌മെന്റ്), എറണാകുളം, കൊല്ലം, കെ.എസ്.ബി.സി (ഹെഡ് ക്വാർട്ടേഴ്സ് ) എന്നിവിടങ്ങളിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുമായി​രുന്നു.

രണ്ടുപതിറ്റാണ്ടോളം എക്സൈസ് ആസ്ഥാനത്ത് പ്രവർത്തിക്കുമ്പോൾ നിയമസഭാ സമ്മേളനകാലത്ത് നോഡൽ ഓഫീസറായിരുന്നു. കള്ളിന്റെ രാസഘടന സംബന്ധിച്ച പഠനംനടത്തുന്നതിന് സർക്കാർ നിയോഗിച്ച സമിതിയുടെ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. അബ്കാരി നയരൂപീകരണ പ്രവർത്തനങ്ങളിൽ സർക്കാരിനെ സഹായിക്കാൻ കഴിഞ്ഞതുൾപ്പെടെ വലിയഅനുഭവസമ്പത്തുമായാണ് പടിയിറക്കം. നിലവിൽ എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസി‌ഡന്റായ ഇദ്ദേഹം മുമ്പും രണ്ടുതവണ പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്.

കേരള കലാകായിക സാംസ്കാരികവേദി ഏർപ്പെടുത്തിയ മികച്ച ഇൻവെസ്റ്റിഗേഷൻ ഓഫീസർക്കുള്ള 2007- 2012 വർഷത്തെ പുരസ്കാരം, 2017ൽ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ, കൊവിഡ് കാലത്തെ മികച്ച പ്രവർത്തനത്തിന് 2020ൽ കേരളകൗമുദിയുടെ ആദരവ് എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

കൊല്ലം കടയ്ക്കൽ പൊയ്കയിൽ പരേതരായ കൃഷ്ണൻനായർ, ഭാർഗവിഅമ്മ ദമ്പതികളുടെ ഇളയമകനാണ്. ഭാര്യ: രോഷ്‌നി സുരേഷ്. മക്കൾ: ലക്ഷ്മി സുരേഷ് (മെഡിക്കൽ വിദ്യാർത്ഥിനി), ദേവിഷ സുരേഷ് (എൻജിനീയറിംഗ് വിദ്യാർത്ഥിനി).