പറവൂർ: മുൻ ധനകാര്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.ടി. ജോർജിന്റെ കൂനമ്മാവ് പള്ളിയിലെ കല്ലറയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പുഷ്‌പാർച്ചന നടത്തി. പ്രതിപക്ഷ നേതാവായതിനു ശേഷം ആദ്യമായാണ് അദ്ദേഹം പറവൂരിലെത്തുന്നത്. കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി വികാരി ഫാ.ഡിക്‌സൺ ഫെർണാണ്ടസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാരോൺ പനക്കൽ, മണ്ഡലം പ്രസിഡന്റ് റെജി കൈതാരം, മുൻ നഗരസഭ ചെയർമാൻ രമേശ് ഡി. കുറുപ്പ്, ജമാൽ വള്ളുവള്ളി, എം.എച്ച്. ഹരീഷ്, ബിജു ചുള്ളിക്കാട് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പറവൂർ ഐ.എം.എ. ഹാളിൽ ഐ. സേഫ് പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ചു. പിന്നീട് പറവൂർ താലൂക് ആശുപത്രിയിൽ ഓക്സിജൻ പ്ളാന്റിന്റെയും പറവൂർ മുനിസിപ്പാലിറ്റിയുടെ ജനകീയാസൂത്രണ പദ്ധതിയിൽ നടപ്പാക്കിയ വാട്ടർ എ.ടി.എമ്മിന്റെയും ഉദ്ഘാടനം നിർവഹിച്ചു. പറവൂർ ലയൺസ് ക്ലബ് പറവൂർ താലൂക് ആശുപത്രിയിലേക്ക് സ്പോൺസർ ചെയ്ത ഓക്സിജൻ കോൺസൻട്രേറ്റർ പ്രതിപക്ഷ നേതാവ് ഏറ്റുവാങ്ങി. തുടർന്ന് കോൺഗ്രസ് 96 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ നഗരസഭ ആറാം വാർഡിലെ എല്ലാ വീടുകളിലേക്കുമുള്ള പച്ചക്കറിക്കിറ്റുകളുടെ വിതരണോദ്‌ഘാടനം നിർവഹിച്ചു. വൈപ്പിൻ നിയോജകമണ്ഡലത്തിൽ അണിയൽ, വെളിയെത്താം പറമ്പ്, നായരമ്പലം തുടങ്ങിയ പ്രദേശങ്ങളിലെ കടൽക്ഷോഭത്തിൽ തകർന്ന വീടുകളും അദ്ദേഹം സന്ദർശിച്ചു. കോട്ടപ്പുറം രൂപതയും കിഡ്സ് കോട്ടപ്പുറവും സംയുക്തമായി ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു. കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി, വികാരി ജനറൽ ഡോ. ആന്റണി കുരിശിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.